

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ 2022ലെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള അവാർഡിന് മെട്രൊ വാർത്ത അസോസ്യേറ്റ് എഡിറ്റർ എം.ബി. സന്തോഷ് അർഹനായി.
കേരളം 'കാണാത്ത' കാഴ്ചകൾ എന്ന പരമ്പരയ്ക്കാണ് അവാർഡ്. പ്രിന്‍റ് മീഡിയ വിഭാഗത്തിൽ എ.ജി. ഒലീന, ജോൺ മേരി, കെ.പി. രവീന്ദ്രനാഥ് എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിർണയം നടത്തിയത്.
തുടർച്ചയായ നാല് തവണയായി കേരള നിയമസഭയുടെ മാധ്യമ പുരസ്കാരം, വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിങ്ങിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മാധ്യമ അവാർഡ്, പരിസ്ഥിതി മാധ്യമ പുരസ്കാരം, സംസ്ഥാന ജൈവ വൈവിധ്യ പുരസ്കാരം, റോട്ടറി ഫോർട്ട് മാധ്യമ പുരസ്കാരം എന്നിവയും എം.ബി. സന്തോഷിനു ലഭിച്ചിരുന്നു.
തിരുവനന്തപുരം പാൽക്കുളങ്ങര 'ശ്രീരാഗ'ത്തിൽ പരേതനായ കെ. മാധവൻ പിള്ളയുടെയും കെ. ബേബിയുടെയും മകനാണ്. ഗവ. മെഡിക്കൽ കോളെജിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എൽ. പ്രലീമയാണ് ഭാര്യ. ഗവ. ആയുർവേദ കോളെജിലെ ഹൗസ് സർജൻ ഡോ. എസ്.പി. ഭരത്, തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളെജിലെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി എസ്.പി. ഭഗത് എന്നിവർ മക്കളാണ്.
പൂർണ ഉറൂബ് നോവൽ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 'ആടുകഥ' ഉൾപ്പെടെ 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.