സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

പൂരനഗരിക്ക് ഇനി കലയുടെ അഞ്ച് രാപകലുകൾ, തേക്കിൻകാട് മൈതാനി പ്രധാന വേദി
Kerala state school arts festival venue

തൃശൂർ തേക്കിൻകാട് മൈതാനം.

file

Updated on

തൃശൂര്‍: പൂരവും പുലിക്കളിയും ആവേശം നിറയ്ക്കുന്ന സാംസ്‌കാരിക നഗരിയുടെ സിരകളില്‍ ഇനി അഞ്ച് ദിനങ്ങള്‍ നിറയുക കൗമാര കലയുടെ വശ്യലഹരി. വാശിയും മത്സര വീര്യവും നിറച്ച് കലയുടെ കേളികൊട്ടിനായി കൗമാര കേരളത്തിന്‍റെ പരിച്ഛേദം തൃശൂരിലെത്തിക്കഴിഞ്ഞു.

ഏഷ്യയിലെ എറ്റവും വലിയ കലാമേളയ്ക്കാണ് ബുധനാഴ്ച തിരശീല ഉയരുന്നത്. രാവിലെ 10 മണിക്ക് തേക്കിൻക്കാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യും. നഗരത്തിലെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000ഓളം കലാപ്രതിഭകൾ 18 വരെ നീളുന്ന കലാമാമാങ്കത്തിൽ മാറ്റുരയ്ക്കും.

'ഉത്തരവാദിത്വ കലോത്സവം' എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും കലോത്സവം അരങ്ങേറുക. രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും.

തൃശൂരിന്‍റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടി മേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും.

മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി, മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി. എ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചു റാണി, മേയർ ഡോ. നിജി ജസ്റ്റിൻ, പി. ബാലചന്ദ്രൻ എംഎൽഎ, കലക്റ്റർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുക്കും.

"പൂരം കാണാൻ പോര്..." നൃത്തശിൽപ്പത്തോടെ അരങ്ങുണരും

കുന്നംകുളം സ്വദേശിയായ ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനത്തിന്‍റെ നൃത്തശിൽപ്പത്തോടെയാണ് കലാപൂരത്തിന് അരങ്ങുണരുക. ഉദ്ഘാടന സമ്മേളത്തിൽ "പൂരം കാണാൻ പോര് ' എന്ന സ്വാഗതഗാനത്തിന് അകമ്പടിയായി നൃത്തശിൽപ്പം അവതരിപ്പിക്കും.

തൃശൂർ മുണ്ടൂർ കൊള്ളന്നൂർ സ്വദേശിയും സംഗീത സംവിധായകനുമായ മണികണ്ഠൻ അയ്യപ്പ ഈണം പകർന്നിട്ടുള്ള ഗാനത്തിന് ചുവടുകളുമായി കലാമണ്ഡലം വിദ്യാർഥികൾ രംഗത്തെത്തും.

ആറു മിനിറ്റ് ദൈർഘ്യമുള്ള ഗാനം ആലപിച്ചിട്ടുള്ളത് എം.കെ. നിഷാദ്, സന്നിധാനന്ദൻ, ഇന്ദുലേഖ വാര്യർ, സദനം ജ്യോതികുമാർ എന്നിവർക്കൊപ്പം മണികണ്ഠൻ അയ്യപ്പയും ചേർന്നാണ്. കലാമണ്ഡലത്തിലെ നൃത്തവിഭാഗം അധ്യാപകരാണ് നൃത്തശിൽപ്പം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

തൃശൂരിന്‍റെ കലാ-സാംസ്കാരിക പെരുമ നിറയുന്ന നൃത്താവതരണത്തിൽ നാടൻ കലകളും ക്ലാസിക് കലകളുമെല്ലാം ഉൾപ്പെടുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, കൂടിയാട്ടം, തുള്ളൽ, കേരള നടനം, മാർഗംകളി, ഒപ്പന, ആദിവാസി നൃത്തം, തിരുവാതിര, ചവിട്ടുനാടകം തുടങ്ങിയവ അരങ്ങ് നിറഞ്ഞാടും. കലാമണ്ഡലത്തിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ 300ലേറെ പേർ ചേർന്നാണ് നൃത്തശിൽപ്പം അവതരിപ്പിക്കുക. കലോത്സവത്തിന്‍റെ തീം സോങ് പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയിട്ടുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com