അടുക്കളയിൽ ജോലി ചെയ്യുന്ന അച്ഛനും അമ്മയും; വൈറലായി മൂന്നാം ക്ലാസിലെ പാഠ പുസ്തകം

ലിംഗ സമത്വത്തെക്കുറിച്ച് സ്കൂൾ തലങ്ങളിൽ പഠിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ കാലങ്ങളിൽ വലിയ ചർച്ചകളുയർന്നിരുന്നു
kerala syllabus new textbook picture goes viral
വി. ശിവൻകുട്ടി ഫെയ്സ് ബുക്കിലൂടെ പങ്കുവച്ച ചിത്രം

തിരുവനന്തപുരം: സാമൂഹമാധ്യമത്തിൽ വൈറലായി മൂന്നാം ക്ലാസ് പാഠപുസ്തകം. അടുക്കളയുടെ പശ്ചാത്തലത്തിലുള്ള അധ്യായമാണ് പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കിയത്. അടുക്കളയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന അച്ഛന്‍റേയും അമ്മയുടേയും ചിത്രമാണ് ശ്രദ്ധനേടിയത്. അമ്മ ദോശ ചുട്ടെടുക്കുകയും അച്ഛൻ തറയിലിരുന്ന് തേങ്ങ ചിരകുന്നതും കളിപ്പാവ കൈയിൽ പിടിച്ച് ആൺകുട്ടി അച്ഛന്‍റെ പ്രവൃത്തി നോക്കിനിൽക്കുന്നതും പെൺകുട്ടി അലമാരയിൽ നിന്നും സാധനങ്ങളെടുക്കുന്നതുമാണ് ചിത്രത്തിലുള്ളത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് തന്‍റെ ഔദ്യോഗിക പേജിലൂടെ ഈ ചിത്രം പുറത്തു വിട്ടത്.

വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള എന്ന തലക്കെട്ടിന് താഴെയായാണ് ചിത്രം. അടുക്കളയിലെ ഉപകരണങ്ങള്‍ അടക്കമുള്ളവയെ കുറിച്ച് വിവരണം തയ്യാറാക്കാനും കുട്ടികളോട് ആവശ്യപ്പെടുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ ലിംഗസമത്വം ഉൾപ്പെടുത്തിയുള്ള മാറ്റമുണ്ടാകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ലിംഗ സമത്വത്തെക്കുറിച്ച് സ്കൂൾ തലങ്ങളിൽ പഠിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ കാലങ്ങളിൽ വലിയ ചർച്ചകളുയർന്നിരുന്നു. സാധാരണയായി വീടിനെക്കുറിച്ചുള്ള അധ്യായത്തിൽ സ്ഥിരമായി അമ്മ അടുക്കള ജോലി ചെയ്യുന്നതും അച്ഛൻ പത്രം വായിക്കുന്നതുമായ ചിത്രങ്ങളായിരുന്നു നൽകിയിരുന്നത്. ഇത് ചെറിയ പ്രായത്തിൽ തന്നെ കുട്ടികളുടെ മനസിൽ തെറ്റുധാരണ വളർത്താൻ കാരണമാവുമെന്ന് വിമർശനം ഉയർന്നിരുന്നു.

ഇത്തരമൊരു അധ്യായം ചരിത്രപരമായ മാറ്റത്തിനുള്ള തുടക്കമാണെന്നാണ് സാമൂഹിക മാധ്യമത്തിൽ ചിത്രം ഏറ്റെടുത്തുകൊണ്ട് ആളുകൾ പറയുന്നത്. തുല്യതയോടെ വളരാനുള്ള പുതിയ മാറ്റമാണിതെന്നും സ്ത്രീകൾ മാത്രം തൊഴിലെടുക്കേണ്ട ഇടമല്ല അടുക്കള എന്ന വളരെ വ്യക്തതമായ സത്യം മക്കൾ പഠിക്കാൻ പോവുന്നു എന്ന തരത്തിൽ നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്.

Trending

No stories found.

Latest News

No stories found.