
ഉത്തരക്കടലാസിലെ തമാശകൾ കണ്ട് ചിരിക്കണ്ട; തെറ്റുകൾ പ്രചരിപ്പിക്കരുതെന്ന് അധ്യാപകർക്ക് കർശന നിർദേശം
file image
തിരുവനന്തപുരം: മൂല്യ നിർണയ കേന്ദ്രങ്ങളിൽ ഉത്തരക്കടലാസിലുള്ള തെറ്റുകളും തമാശകളും കണ്ടാൽ ചിരിക്കരുതെന്ന് അധ്യാപകർക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം. പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ ഉത്തരക്കടലാസിലെ തെറ്റുകൾ പങ്കുവയ്ക്കരുതെന്നും കർശന നിർദേശമുണ്ട്.
കുട്ടികളുടെ അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ് ഇത്തരം പ്രവണതകളെന്നാണ് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഉത്തരക്കടലാസിലെ വിവരങ്ങൾ പുറത്തു വിടരുതെന്ന് മുൻപും നിർദേശമുണ്ടായിരുന്നെങ്കിലും ഇത്തവണ അത് കൂടുതൽ കടുപ്പിച്ചു.
മാധ്യമങ്ങളിൽ ഇത്തരം കാര്യങ്ങൾ പ്രചരിക്കുന്നതിന്‍റെ പേരിൽ പൊലീസ് കേസെടുത്തതും ബാലാവകാശ കമ്മിഷൻ സ്വയം കേസെടുക്കുന്നതുമാണ് കർശന വിലക്കിന് കാരണം.
മുൻകാലങ്ങളിൽ ഉത്തരക്കടലാസിലെ രസകരമായ ഭാവനങ്ങൾ അധ്യാപകർ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഉപവാസങ്ങൾ തയാറാക്കുന്നതിലും കത്തുകളെഴുതുന്നതിലും സ്വയം വിലയിരുത്തലുകളിലുമൊക്കെയാണ് ഇത്തരം കുസൃതികൾ കൂടുതലായി കടന്നു വരിക. കുട്ടികളെ തിരിച്ചറിയാത്തതിനാൽ അവ നിർദോഷ ഫലിതങ്ങൾ മാത്രമായി കണക്കാക്കപ്പെട്ടിരുന്നു.
എന്നാൽ, ഇത്തരം പ്രചരണങ്ങൾ കുട്ടികളെ അധിക്ഷേപിക്കലാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. കുട്ടികളിൽ അത് അപകർഷതാബോധമുണ്ടാക്കുമെന്നും അതിനാൽ അത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്നും അധ്യാപകർക്ക് മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ എസ്എസ്എൽസി, പ്ലസ്ടു, ടിഎച്ച്എസ്എൽസി മൂല്യനിർണയമാണ് നടക്കുന്നത്.