കുസാറ്റ് ദുരന്തം: ആൾക്കൂട്ട പരിപാടികൾക്കുള്ള മാർഗരേഖ പുതുക്കും

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും
Representative image for a crowd.
Representative image for a crowd.
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുസാറ്റിലുണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നിലവിലുള്ള മാര്‍ഗരേഖ പുതുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി. ഉന്നതതല യോഗത്തില്‍ ഇതിന്‍റെ നിയമപരമായും സാങ്കേതികമായുമുള്ള വശങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ആള്‍ക്കൂട്ട പരിപാടികള്‍ക്ക് നിലവിലുള്ള മാര്‍ഗരേഖ പുതുക്കുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇതിനു പുറമേ കുസാറ്റില്‍ ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ വീഴ്ചയുണ്ടായോ എന്നും ദുരന്ത നിവാരണ അഥോറിറ്റി പരിശോധിക്കും. ഇതിനായി ക്രൗഡ് മാനേജ്‌മെന്‍റ് സ്‌പെഷ്യലിസ്റ്റിനെ നിയോഗിച്ചിട്ടുണ്ടെന്ന് അഥോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ദുരന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷമാകും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പുറ്റിങ്ങല്‍ ദുരന്തത്തിന് പിന്നാലെ ആള്‍ക്കൂട്ട പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലാന്‍ഡ് ആന്‍ഡ് സിസാസ്റ്റര്‍ മാനേജ്‌മെന്‍റ് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. 2015 മുതല്‍ ഈ മാര്‍ഗരേഖ നിലവിലുണ്ട്. തൃശൂര്‍ പൂരം, ആറ്റുകാല്‍ പൊങ്കാല, ബീമാപ്പള്ളി ഉറൂസ്, വെട്ടുകാട് തിരുനാള്‍ തുടങ്ങി വലിയതോതില്‍ ആള്‍ക്കൂട്ടമുണ്ടാകുന്ന വിശ്വാസപരമായ ആഘോഷങ്ങളും ഐഎസ്എല്‍ ഐപിഎല്‍, മത്സരങ്ങള്‍ പോലുള്ള പരിപാടികളും ഈ മാര്‍ഗരേഖ അനുസരിച്ചാണ് സംഘടിപ്പിക്കുന്നത്.

ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന വലിയ പരിപാടികള്‍ക്ക് പ്രത്യേക ദുരന്ത നിവാരണ പദ്ധതികളും തയാറാക്കാറുണ്ട്. ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ നേരത്തേ തന്നെ ഈ മേഖലകളെ ഉത്സവ മേഖലയായി പ്രഖ്യാപിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാറുമുണ്ട്.

എന്നാല്‍ കോളെജ് പരിപാടികള്‍ക്ക് ഈ മാര്‍ഗരേഖ ബാധകമായിരുന്നില്ല. കോളെജ് പരിപാടികള്‍ നടക്കുന്നയിടങ്ങളെ ഉത്സവ മേഖലയായി പ്രഖ്യാപിക്കാനോ പ്രത്യേകം സുരക്ഷാ നടപടികള്‍ സ്വീകരിക്കാനോ നിലവില്‍ വ്യവസ്ഥകളില്ല. ഇതില്‍ എന്തുതരത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നും പരിശോധിക്കും. കോളെജുകള്‍ക്കും ഓഡിറ്റോറിയങ്ങള്‍ക്കും ബാധകമാകുന്ന വിധത്തിലാകും മാര്‍ഗരേഖ പുതുക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com