

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം (ഫയൽ ചിത്രം)
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വേഗത്തിലാക്കാൻ കേന്ദ്ര സഹായം തേടുമെന്ന് കേരളം. തിരുവനന്തപുരം വിമാനത്താവള വികസനം, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾ, നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കാണ് മുൻഗണന. ഗതാഗത മന്ത്രി സി.പി. ജോണും തിരുവനന്തപുരം എംപി ശശി തരൂരും നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ ഉയർന്നത്.
കേന്ദ്ര സഹായം ആവശ്യമായ പദ്ധതികൾ വേഗത്തിലാക്കുന്നതും സംസ്ഥാന-ദേശീയ തലങ്ങളിൽ ഇടപെടൽ ആവശ്യമായ വിഷയങ്ങൾ പരിഹരിക്കുന്നതുമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) ആദായനികുതി ഇളവ് അനുവദിക്കുക, വിഴിഞ്ഞം തുറമുഖത്തിനായി സാഗർമാല ഫണ്ട് വിനിയോഗിക്കുക, തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ നടപടികൾ എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. തിരുവനന്തപുരം കോർപ്പറേഷന് കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതും അർബൻ ചലഞ്ച് ഫണ്ടിന് കീഴിൽ പദ്ധതികൾ സമർപ്പിക്കുന്നതും ചർച്ചയായി.
തിരുവനന്തപുരം വിമാനത്താവള വികസനത്തിന് ആവശ്യമായ ബാക്കി 22 ഏക്കർ ഭൂമി ഏറ്റെടുക്കൽ, സംസ്ഥാനത്തെ മൈനിങ് കോറിഡോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കൽ, ആക്കുളം കായൽ നവീകരണം എന്നിവയും മുൻഗണനാ പദ്ധതികളായി യോഗം വിലയിരുത്തി.
തീരശോഷണം തടയുന്നതിനുള്ള നടപടികൾക്കും നഗരത്തിലെ ഡ്രെയിനേജ് സംവിധാനം ആധുനികവത്കരിക്കുന്നതിനും കേന്ദ്ര സഹായം തേടും. പേപ്പാറ അണക്കെട്ടിന്റെ സംഭരണശേഷി വർധിപ്പിക്കൽ, ദേശീയ ജലപാതയ്ക്ക് കേന്ദ്ര സഹായം ലഭ്യമാക്കൽ, വിഴിഞ്ഞം, വലിയതുറ തുറമുഖങ്ങളുടെ വികസനം, തിരുവനന്തപുരത്തെ തുറമുഖങ്ങളിൽ ഹരിത ഇന്ധന ബങ്കറിങ് സൗകര്യങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ നിർദേശങ്ങളും കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിക്കും.
മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ സ്ഥാപിക്കുന്നതും മേലാറന്നൂർ റെയ്ൽവേ മേൽപ്പാലം നിർമിക്കുന്നതും യോഗം ചർച്ച ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യമായ വിഷയങ്ങൾ ശശി തരൂർ ഉന്നയിക്കും. എംപി പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കെഎസ്ആർടിസിക്ക് സഹായം നൽകാനുള്ള സാധ്യതയും പരിശോധിച്ചു.
കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ഉപയോഗിച്ച് ടാറ്റ ആശുപത്രി സ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. ജില്ലാ കലക്റ്റർ കെ.എസ്. അഞ്ജുവും യോഗത്തിൽ പങ്കെടുത്തു.