

ബാബു എം. ജേക്കബ് | രെഞ്ചു പുളിഞ്ചോട്
കൊച്ചി: ട്വന്‍റി 20 എൻഡിഎയിൽ ചേർന്നതിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി. നേതൃത്വത്തിന്‍റെ തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് ഒരു വിഭാഗം നേതാക്കൾ പാർട്ടയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. ട്വന്‍റി 20 ബിജെപിയുടെ റിക്രൂട്ടമെന്‍റ് ഏജൻസിയായി മാറിയെന്നാണ് പ്രധാന ആരോപണം.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് റസീന പരീദ്, ഐക്കരനാട് പഞ്ചായത്ത് മുൻ അഗം ജീൻ മാവേലി, ട്വന്‍റി20 മഴുവന്നൂര്‍ പഞ്ചായത്ത് കോഓര്‍ഡിനേറ്റര്‍ രെഞ്ചു പുളിഞ്ചോടൻ എന്നിവരാണ് രാജിവെച്ച് കോണ്‍ഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്.
ആനുകൂല്യങ്ങൾ നൽകാൻ ലോയൽറ്റി കാർഡ് നൽകുമെന്ന് പറഞ്ഞ് സാബു എം. ജേക്കബ് സര്‍വേ നടത്തി. സർവേ പേപ്പറിൽ ജാതി, മതം എന്നിവ ഉൾപ്പെടുത്തി. ഏതെങ്കിലും പാർട്ടിയിൽ ലയിക്കേണ്ടി വന്നാൽ ട്വന്‍റി 20 പിരിച്ചു വിടുമെന്നാണ് സാബു നേരത്തെ പറഞ്ഞതെന്നും വരും ദിവങ്ങളിൽ അദ്ദേഹത്തിന്‍റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുന്നത് കാണാമെന്നും നേതാക്കൾ ആരോപിച്ചു.
സർവേ നടത്തിയെന്നല്ലാതെ കാർഡ് ആർക്കും കിട്ടിയില്ല. ബിജെപിയുമായി ചേര്‍ന്ന ട്വന്‍റി 20ക്കല്ല ജനം വോട്ട് ചെയ്തത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. സാബു എം. ജേക്കബ് വർഗീയത പരത്താനാണ് ശ്രമിക്കുന്നത്. ആ പരിപ്പ് ഇവിടെ വേവില്ല. കിറ്റ് കൊടുത്ത് പാവങ്ങളെ പറ്റിച്ചാണ് സാബു ഇത്രകാലം പിടിച്ചു നിന്നത്. തന്‍റെ ബിസിനസ് അവതാളത്തിലായപ്പോൾ സാബു ബിജെപിലേക്ക് ചാടിയെന്നും കോൺഗ്രസ് നേതാവ് വി.പി സജീന്ദ്രൻ ആരോപിച്ചു.