
കെ.എസ്. അനിൽകുമാർ
കൊച്ചി: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പിൻവലിച്ചു. ഹർജി പിൻവലിക്കുന്നതായി രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
കേരള സർവകലാശാല വിസി രജിസ്ട്രാർ പദവിയിൽ നിന്നു തന്നെ സസ്പെൻഡ് ചെയ്തതിനെതിരേയാണ് അനിൽകുമാർ കോടതിയെ സമീപിച്ചിരുന്നത്. ഞായറാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ പിൻവലിച്ചതോടെയാണ് അനിൽകുമാർ ഹർജി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചത്.
തുടർന്ന് ഹർജി പിൻവലിക്കാൻ അനിൽകുമാറിന് കോടതി അനുമതി നൽകുകയായിരുന്നു. പിന്നാലെ കോടതി ഹർജി തീർപ്പാക്കി. താത്കാലിക വൈസ് ചാൻസലർ സിസ തോമസിനായി ഹാജരായ അഭിഭാഷകൻ ഇതിനെ എതിർത്തെങ്കിലും കോടതി അതു കണക്കിലെടുത്തില്ല.
എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പിന്നീട് ഒരു ഹർജിയുമായി സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഹൈക്കോടതി ജഡ്ജിക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിന്‍ഡിക്കെറ്റംഗം ആര്‍. രാജേഷിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.