വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ഒരു ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡി; എങ്ങനെ അപേക്ഷിക്കാം!

അർഹരായ വനിതകൾക്ക് ഡിസംബർ 15 വരെ ധനലക്ഷ്മി ബാങ്ക് ശാഖകളിൽ അപേക്ഷ സമർപ്പിക്കാം
kerala women self employment 1 lakh subsidy on electric auto

വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ഒരു ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡി; എങ്ങനെ അപേക്ഷിക്കാം!

Updated on: 

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിൽപ്പെട്ട വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കുന്ന പദ്ധതിയുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ. ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന 'സമുന്നതി ഇ-യാത്ര (2026-27)' പദ്ധതിയിലൂടെയാണ് ആനുകൂല്യം ലഭിക്കുക.

അർഹരായ വനിതകൾക്ക് ഡിസംബർ 15 വരെ ധനലക്ഷ്മി ബാങ്ക് ശാഖകളിൽ അപേക്ഷ സമർപ്പിക്കാം. ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള വായ്പാ തുകയുടെ 40 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപയാണ് സബ്‌സിഡിയായി ലഭിക്കുക. ഈ തുക ഒറ്റ ഗഡുവായി അനുവദിക്കും. ബാക്കി തുക ധനലക്ഷ്മി ബാങ്ക് മുഖേന വ്യക്തിഗത വായ്പയായി ലഭിക്കും.

വായ്പയുടെ പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, ജാമ്യവ്യവസ്ഥകൾ എന്നിവ ബാങ്കാണ് തീരുമാനിക്കുക. കേരളത്തിലെ സംവരണേതര മുന്നാക്ക സമുദായങ്ങളിൽപ്പെട്ട വനിതകൾക്കാണ് അപേക്ഷിക്കാൻ കഴിയുക. 2026 ജനുവരി ഒന്നിന് 50 വയസ് പൂർത്തിയായിരിക്കരുത്. കുടുംബത്തിന്‍റെ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ കവിയാനും പാടില്ല. അപേക്ഷിക്കുന്നവർക്ക് സാധുതയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റിന് പകരം റേഷൻ കാർഡിലെ അംഗത്തിന്‍റെ പേരിലുള്ള കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടത്. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട ഒരാൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. കുടുംബ വാർഷിക വരുമാനം കുറഞ്ഞവർക്കാണ് മുൻഗണന. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kswcfc.org സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2311215, 6238170312 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.