
തിരുവനന്തപുരം: കേരളീയം 2023 കേരളത്തിന്‍റെ തനിമയെന്തെന്ന് ലോകത്തിനു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്‍റെ സംസ്കാരത്തെ ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണു കേരളീയം ഒരുക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ അതേറ്റെടുത്ത് വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
കേരളീയം 2023 ന്‍റെ ഉദ്ഘാടനം നവംബര്‍ 1 നു രാവിലെ 10ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്. ഉദ്ഘാടന ചടങ്ങില്‍ യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ ഡോ. എം.വി. പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു നിര പങ്കെടുക്കും. കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. സെമിനാറുകള്‍ നവംബര്‍ 2 മുതല്‍ 6 വരെ രാവിലെ 9.30 മുതല്‍1.30 വരെയാണ്. എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ കലാപരിപാടികള്‍. എക്സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മുതല്‍ രാത്രി 10 വരെ ഉണ്ടാകും.
നവകേരളത്തിന്‍റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് നടക്കുന്നത്. കൃഷി സംബന്ധമായ സെമിനാറില്‍ വിയ്റ്റാമില്‍ നിന്നുള്ള കാവോ ഡുക് പാറ്റ് (ഇന്‍റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍), ക്രിസ് ജാക്സണ്‍ (ലോകബാങ്കിലെ മുതിര്‍ന്ന കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 30 വേദികളിലായി 300ല്‍ അധികം കലാപരിപാടികള്‍ അരങ്ങേറും. 4100 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. 8 വേദികളിലായാണ് ട്രേഡ് ഫെയറുകള്‍. 425 സംരംഭകരാണ് പങ്കെടുക്കുന്നത്. 200 ലധികം ബയേഴ്സ് പങ്കെടുക്കും.
മാനവീയം വീഥി മുതല്‍ കിഴക്കേകോട്ട വരെ പതിനൊന്ന് വേദികളിലായി, കേരളത്തിന്‍റെ തനത് രുചികള്‍ ഉള്‍പ്പെടുത്തി ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. ഫുഡ് ഷോ, ഫുഡ് ബ്രാന്‍ഡിങ്, പരമ്പരാഗത ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും എന്നിവയുമുണ്ടാകും. യൂണിവേഴ്സിറ്റി കോളെജ് മുതല്‍ വാന്‍റോസ് ജംഗ്ഷൻ വരെ ഒരുക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍ ഏഴ് ദിവസം നൈറ്റ് ലൈഫിന്‍റെ കൂടി ഭാഗമാകും. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.