

കെ.ജി. ശങ്കരപ്പിള്ള
തിരുവനന്തപുരം: എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. എൻ.എസ്. മാധവൻ ചെയർമാനും കെ.ആർ. മീര, ഡോക്ടർ കെ.എം. അനിൽ എന്നിവർ അംഗങ്ങളുമായ പുരസ്കാരനിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
1970-കളിൽ ബംഗാൾ എന്ന കവിതയിലൂടെ ശ്രദ്ധേയനായി. എറണാകുളം മഹാരാജാസ് കോളെജ് പ്രിൻസിപ്പൽ ആയിരുന്നു. കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകൾക്കു 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അറിയപ്പെടുന്നു.
2008 ലെ പി. കുഞ്ഞിരാമൻ നായർ പുരസ്കാരം, 2009ലെ ഓടക്കുഴൽ പുരസ്കാരം, 2009ലെ ഹബീബ് വലപ്പാട് പുരസ്കാരം, 2011ലെ പന്തളം കേരള വർമ കവിതാ പുരസ്കാരം, 2018ലെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2020ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.