പിണറായിയുടെ സമരത്തിന് ഖാർഗെയ്ക്ക് ക്ഷണം

കേന്ദ്ര സര്‍ക്കാര്‍ കേരള വിരുദ്ധ സമീപനം സ്വീകരിക്കുന്നു എന്നാരോപിച്ച് ഫെബ്രുവരി എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തുന്നത്
പിണറായി വിജയൻ, മല്ലികാർജുൻ ഖാർഗെ.
പിണറായി വിജയൻ, മല്ലികാർജുൻ ഖാർഗെ.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരള വിരുദ്ധ സമീപനം സ്വീകരിക്കുന്നു എന്നാരോപിച്ച് ഈ മാസം 8ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടത്തുന്ന സമരത്തിലേക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ക്ഷണം.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഒന്നിച്ചുള്ള സമരത്തിന് തയാറല്ലെന്ന നിലപാടില്‍ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ സമരത്തിലേക്ക് ക്ഷണിച്ചത്. സമരത്തിന് പിന്തുണയുമായി വിവിധ ദേശീയ നേതാക്കള്‍ എത്തുമെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് നിലപാടിന് വിരുദ്ധമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ സമരത്തിന് പങ്കെടുക്കാന്‍ സാധ്യതയില്ല.

എന്‍സിപി. അധ്യക്ഷന്‍ ശരദ്പവാര്‍, ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ തുടങ്ങിയവര്‍ സമരത്തെ അഭിവാദ്യം ചെയ്യും. സിപിഎമ്മിന്‍റെയും സിപിഐയുടെയും മുന്‍നിര നേതാക്കളും സമരത്തിനെത്തും.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവര്‍ക്കും ക്ഷണമുണ്ട്. ഇവര്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ക്ഷണമുണ്ടെങ്കിലും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ എന്നിവര്‍ നേരിട്ട് പങ്കെടുക്കില്ല. എന്നാൽ ക്ഷണം ഡിഎംകെ സ്വീകരിച്ചിട്ടുണ്ട്. തിരുച്ചി ശിവ എംപി സ്റ്റാലിൻ മന്ത്രിസഭയെ പ്രതിനിധീകരിക്കും. എട്ടിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമരം.

കേന്ദ്രത്തിനെതിരേ കര്‍ണാടക സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ 7ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലും ഇന്ത്യാ മുന്നണിയുമായി ബന്ധപ്പെട്ട ദേശീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com