

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തേമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഐസക്കിന് എല്ലാ വിവരങ്ങളുമറിയാം, അറസ്റ്റ് ഉണ്ടാകില്ല, ചോദ്യം ചെയ്യൽ ചിത്രീകരിക്കുമെന്നും കോടതിയെ ഇഡി അറിയിച്ചു.
അതേസമയം, സിഇഒയെ ഹാജരാക്കാനാകില്ലെന്നും കിഫ്ബി ഡിജിഎമ്മിനെയും മാനേജരെയും ഹാജരാക്കാമെന്നുമാണ് കിഫ്ബി അറിയിച്ചിരുന്നത്. ഡിജിഎം അജോഷ് കൃഷ്ണകുമാറിന് ഈ മാസം 27,28 തീയതികളിൽ ഇഡിക്കു മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
കേസിൽ ഒരു തവണയെങ്കിലും ഇഡിക്കു മുന്നിൽ ഹാജരായിക്കൂടേ എന്ന് വെള്ളിയാഴ്ച തോമസ് ഐസക്കിനോട് കോടതി ചോദിച്ചിരുന്നു. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താമെന്നും കോടതി പറഞ്ഞിരുന്നു. മസാല ബോണ്ട് കേസിൽ ഇഡി സമൻസിനെതിരായ കിഫ്ബിയുടെയും തോമസ് ഐസക്കിന്‍റെയും ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. ഇഡി അയച്ചിരുന്ന അഞ്ച് നോട്ടീസുകളും തോമസ് ഐസക്ക് അവഗണിച്ചിരുന്നു.