kiifb on high court against ed on masala bond case
kerala High Courtfile

'അനാവശ്യ കൈകടത്തല്‍ നടത്തുന്നു'; മസാലബോണ്ടില്‍ ഇഡിക്കെതിരെ കിഫ്ബി

അന്യ സംസ്ഥാനങ്ങള്‍ മസാല ബോണ്ട് ഇറക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് ഇഡി യുടെ പ്രത്യേക താത്പര്യം.
Published on

കൊച്ചി: മസാലബോണ്ടില്‍ ഇഡി അനാവശ്യ കൈകടത്തല്‍ നടത്തുന്നതായി കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു. ഫണ്ടിന്‍റെ കൃത്യമായ രേഖകളും കണക്കുകളും ഉണ്ടായിട്ടും ഇഡി ഇടപെട്ടു. അന്യ സംസ്ഥാനങ്ങള്‍ മസാല ബോണ്ട് ഇറക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് ഇഡി യുടെ പ്രത്യേക താത്പര്യം. മൂന്നര വര്‍ഷം മുമ്പ് നല്‍കിയ രേഖകളെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും കിഫ്ബി പറഞ്ഞു. മസാല ബോണ്ട് പുറപ്പെടുവിച്ചതില്‍ 'ഫെമ' ലംഘനമുണ്ടായോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായി ഇ.ഡി നല്‍കിയ സമന്‍സിനെ ചോദ്യം ചെയ്യുന്ന ഹര്‍ജി ജസ്റ്റിസ് ടി.ആര്‍. രവി വെള്ളിയാഴ്ചയും പരിഗണിക്കും.

മസാല ബോണ്ട് വഴി ലഭിച്ച ഫണ്ടിന്‍റെ വിനിയോഗം അന്വേഷിക്കാന്‍ ഇഡിക്ക് നിയമപരമായ അധികാരമില്ലെന്നും കിഫ്ബി വാദിച്ചു. ഇഡിയുടെ സമന്‍സ് മൂലം ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്നു. ഫെമ ചട്ടപ്രകാരം ആര്‍ബിഐയാണ് ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് അന്വേഷിക്കേണ്ടത്. ആര്‍ബിഐക്ക് എല്ലാ മാസവും രേഖകള്‍ നല്‍കുന്നുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരും അംഗീകൃത ഡീലറായ ആക്സിസ് ബാങ്കും രേഖകള്‍ യഥാസമയം പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കാണ് ഫണ്ട് വിനിയോഗിച്ചതെന്നു വ്യക്തമാണെന്നും ബോധിപ്പിച്ചു. ഹര്‍ജിയില്‍ നേരത്തെ ആര്‍ബിഐയെ കക്ഷി ചേര്‍ത്തിരുന്നു.

logo
Metro Vaartha
www.metrovaartha.com