

കിഫ്ബി: പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും വേണ്ടി മാത്രം ചെലവഴിച്ചത് 475 കോടി രൂപ
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട പ്രത്യേക സമിതി റിപ്പോർട്ട് നിയമസഭയിൽ വച്ചതിന് പിന്നാലെ മുൻ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ക്കും പരസ്യപ്രചാരണങ്ങള്‍ക്കുമായി കിഫ്ബി വഴി കോടിക്കണക്കിന് രൂപ ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പുറത്ത്. 2016 മുതല്‍ 2026വരെയുള്ള കിഫ്ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രകാരം പരസ്യങ്ങള്‍ക്കും പ്രചാര പരിപാടികള്‍ക്കുമായി ഏകദേശം 475 കോടി രൂപ ചെലവഴിച്ചതായാണ് കണക്ക്.
ഇതിന്‍റെ പകുതിയോളം തുകയായ 216 കോടി രൂപ പിണറായി സര്‍ക്കാരിന്‍റെ വാര്‍ഷിക ആഘോഷമായ 'എന്‍റെ കേരളം' പരിപാടിക്കായി മൂന്ന് വര്‍ഷം കൊണ്ട് ചെലവഴിച്ചു. 2022-203ല്‍ 52.03 കോടി രൂപയും 2023-24ല്‍ 67.45 കോടി രൂപയും 2025-26ല്‍ 96.44 കോടി രൂപയും 'എന്‍റെ കേരളം പരിപാടിക്കായി ചെലവഴിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ഉപയോഗിക്കേണ്ട കിഫ്ബി ഫണ്ട്, സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വകമാറ്റിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വായ്പാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേയാണ്, നൂറു കണക്കിന് കോടി വകമാറ്റിയത്. 2023-24ല്‍ കേരളീയം ഉത്സവത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കിഫ്ബി 12.95 കോടി രൂപ ചെലവഴിച്ചു.
2018-19വരെ പ്രതിവര്‍ഷം 2 കോടി രൂപയില്‍ താഴെ മാത്രമായിരുന്ന കിഫ്ബിയുടെ പ്രചാരണ ചെലവുകള്‍ തെരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ കുത്തനെ ഉയര്‍ന്നു. 2019-20ല്‍ ഇത് 25.33 കോടി രൂപയായി വര്‍ധിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സുധാ പിള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 2025-26 വര്‍ഷത്തില്‍ മാത്രം പരസ്യ-പ്രചാരണങ്ങള്‍ക്കായി 203.72 കോടി രൂപയാണ് ചെലവഴിച്ചതായാണ് കണക്ക്. നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ വെളിപ്പെടുത്തലുകളുമായി ചേർത്ത് വായിക്കുമ്പോൾ, രണ്ടാം പിണറായി സർക്കാർ പരസ്യപ്രചാരണത്തിന് പണം കണ്ടെത്തിയതും കിഫ്ബിയിൽ നിന്നാണെന്ന് വ്യക്തമാകുമെന്ന് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു.