
കൊല്ലം: കിളികൊല്ലൂരിൽ സൈനികനേയും സഹോദരനേയും സ്റ്റേഷനിൽ മർദിച്ച സംഭവത്തിൽ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു.
സിഐ കെ വിനോദ്, എസ്ഐ എ.പി അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ മണികണ്ഠന്‍ പിള്ള എന്നിവരെയാണ് സർവീസിൽ തിരിച്ചെടുത്തത്. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ കാണാൻ സ്റ്റേഷനിലെത്തിയ സഹോദരങ്ങളെ മർദിച്ചതിനാണ് ഏഴു മാസം മുന്‍പ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.
ഉത്തരമേഖല ഐജി ജി.സ്പർജന്‍ കുമാറാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാന്‍ വിളിച്ചു വരുത്തിയ ശേഷമാണ് പേരൂർ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാർ ക്രൂരമായി മർദിച്ചതെന്നാണ് പരാതി. എന്നാൽ, എംഡിഎംഎ കേസിലുള്ള പ്രതികളെ കാണാനെത്തിയ 2 യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി എഎസ്ഐയെ ആക്രമിച്ചു എന്നാണ് പൊലീസ് ഭാഷ്യം.
ഇരുവരെയും അറസ്റ്റ് ചെയ്ത് 12 ദിവസം ജയിലിലടച്ചിരുന്നു. പിന്നാലെ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ലോക്കപ്പ് മർദനം വിവാദമായി. അതേതുടർന്നാണ് 4 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
എന്നാൽ യഥാർത്ഥത്തിൽ സ്റ്റേഷനിലെ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ പേരിലാണ് സൈനികനായി വിഷ്ണുവിനെയും സഹോദരനായ വിഘ്നേഷിനെയും ഇവർ മർദിച്ചതെന്നും പിന്നീട് സൂചനകൾ പുറത്തുവന്നു. വിഘ്നേഷിനെ അന്വേഷിച്ചെത്തിയ സഹോദരന്‍ വിഷ്ണുവിന്‍റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായ ഓട്ടോ റിക്ഷയിൽ തട്ടി. ഇതിനു പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എഎസ്ഐ പ്രകാശ് ചന്ദ്രനുമായുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും റിപ്പോർട്ട് വന്നിരുന്നു.