മക്കൾക്ക് മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി, ഒളിവിൽപോയ ഭർത്താവിന്‍റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

തമിഴ്നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്
killed wife, husband found dead in railway track

ഹസീന ബീവി, സുരേഷ്

Updated on

തിരുവനന്തപുരം: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. തമിഴ്നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ജീവനൊടുക്കിയതാവാം എന്നാണ് പൊലീസ് നിഗമനം.

നാലാഞ്ചിറയിൽ ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബീവി (36) ആണ് കൊലചെയ്യപ്പെട്ടത്. മക്കൾക്കു മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇയാൾ കാറിൽ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ സുരേഷിന്‍റെ മൃതദേഹം ചിദംബരത്തു നിന്ന് കണ്ടെത്തിയത്.

നാലു മാസം മുൻപാണ് സുരേഷും ഹസീനയും കുടുംബവും വാടകവീട്ടിൽ താമസിക്കാൻ തുടങ്ങിയത്. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. വീട്ടിൽ നിന്ന് ഹസീന ഇറങ്ങിപ്പോവുകയും ഇതിനെതിരേ സുരേഷ് പരാതി നൽകുകയും ചെയ്തു. ഇതിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ സുരേഷ് ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച ഹസീനയേയും സുരേഷിനേയും പൊലീസ് സ്റ്റേഷനിൽ വിളിച്ച് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. തുടർന്നാണ് സുരേഷിനൊപ്പം വീട്ടിലേക്ക് തിരിച്ചു വരാൻ ഹസീന തയാറായത്. അതിനിടെ ബുധനാഴ്ച പുലർച്ചെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. അതിനിടെ അടുക്കളയിലുണ്ടായ കത്തി ഉപയോഗിച്ച് സുരേഷ് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു. കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷമാണ് സുരേഷ് രക്ഷപ്പെട്ടത്. ഈ സമയത്ത് ദമ്പതികളുടെ മക്കളും വീട്ടിലുണ്ടായിരുന്നു. മക്കളാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com