''ആനയെ കട്ടവനെയോർത്ത് നാണമില്ല, ചേന കട്ടവനെക്കുറിച്ച് ഹയ്യോ എന്തൊരു നാണക്കേടും ദുഷ്‌പ്പേരും.! ''

പാലക്കാട്ടെ വില്ലേജ് ഓഫീസർ കൈക്കൂലിക്കേസിൽ അറസ്റ്റിലായത് വകുപ്പിനും സർക്കാരിനും നാണക്കേടായെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചിരുന്നു
''ആനയെ കട്ടവനെയോർത്ത് നാണമില്ല, ചേന കട്ടവനെക്കുറിച്ച് ഹയ്യോ എന്തൊരു നാണക്കേടും ദുഷ്‌പ്പേരും.! ''

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ.കെ. രമ എംഎൽഎ. ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുകയാണെന്നായിരുന്നു രമയുടെ പരിഹാസം.

പാലക്കാട്ടെ വില്ലേജ് ഓഫീസർ കൈക്കൂലിക്കേസിൽ അറസ്റ്റിലായത് വകുപ്പിനും സർക്കാരിനും നാണക്കേടായെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രൂക്ഷ വിമർശനവുമായി കെ.കെ. രമയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് എത്തിയത്.

ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം.......

ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുമ്പോൾ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു.

പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്റിന്‍റെ ചെയ്തി ദുഷ്പേരുണ്ടാക്കിയെന്ന് കേരള മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേട്ടു. ശരിയാണ്. അഴിമതിക്കാർ നമ്മുടെ നാടിന് നാണക്കേടാണ്. കൃത്യമായ അന്വേഷണം നടക്കണം. മാതൃകാപരമായി ആ ജീവനക്കാരൻ ശിക്ഷിക്കപ്പെടണം. അയാൾക്കു പിറകിലോ ഒപ്പമോ ആരെങ്കിലും ഉണ്ടെങ്കിൽ അവരും നിയമത്തിന്റെ മുന്നിലെത്തണം.

പക്ഷേ ഈ ദുഷ്പേരിൽ രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.എ.എസുകാരനുമായ എം.ശിവശങ്കരർ അഴിമതിക്കേസിൽ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണ്.

ആനയെ കട്ടവനെയോർത്ത് മുഖ്യമന്ത്രിക്ക് നാണമില്ല. ചേന കട്ടവനെക്കുറിച്ച് ഹയ്യോ എന്തൊരു നാണക്കേടും ദുഷ്‌പ്പേരും.! പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ മുക്കിയ പാർട്ടിക്കാരെ ഓർത്ത് നാണക്കേടുണ്ടാവാത്ത മുഖ്യമന്ത്രി അഴിമതി വെച്ചുപൊറുപ്പിക്കില്ലത്രെ!. ഓഖി ഫണ്ട് തട്ടിപ്പ്, സ്‌പ്രിംഗ്ളർ ഇടപാടിലെ അഴിമതി, ലൈഫ് മിഷൻ, കൊറോണയുടെ മറവിൽ മാസ്‌കിലും മരുന്നിലും പി.പി കിറ്റുകളിൽ പോലും നടന്ന തട്ടിപ്പുകൾ, എ.ഐ ക്യാമറ ഇടപാടഴിമതി...

ഇങ്ങനെ അനേക കോടികളുടെ അഴിമതിയുടെ നിഴലിൽ നിൽക്കുന്ന ഒരു ഗവൺമെന്റിനെ നയിക്കുന്ന മുഖ്യമന്ത്രി അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീർവ്വാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നത് തന്നെ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com