കെ.എം. എബ്രഹാം; തീരുമാനമെടുത്തില്ലെന്ന് മുഖ്യമന്ത്രി

വ്യാജ മൊഴി പരാതിയിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള ഡിജിപിയുടെ ശുപാർശയെ കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
KM Abraham; Chief Minister says no decision has been taken

മുഖ്യമന്ത്രി പിണറായി വിജയൻ, കെ.എം. എബ്രഹാം

Updated on

തിരുവനന്തപുരം: തന്‍റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി‍യും കിഫ്ബി സിഇഒയുമായ ഡോ. കെ.എം. എബ്രഹാമിന്‍റെ നിയമപരമായ പോരാട്ടത്തിന്‍റെ ഒരു ഘട്ടം എത്തുമ്പോൾ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കെതിരായ ഗൂഡാലോചന അന്വേഷിക്കണമെന്ന എബ്രഹാമിന്‍റെ പരാതി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ഉന്നയിച്ച നിയമപ്രശ്നം പരിഗണിക്കേണ്ടതുണ്ടെന്നും വാർത്താസമ്മേളനത്തിൽ ചോദ്യത്തിനുത്തരമായി അദ്ദേഹം അറിയിച്ചു.

വ്യാജ മൊഴി പരാതിയിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള ഡിജിപിയുടെ ശുപാർശയെ കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. "എനിക്കങ്ങനെ ഒരു ശുപാർശ കിട്ടിയിട്ടില്ല. ഞാനല്ലല്ലോ കേസ് എടുക്കേണ്ടത്'- അദ്ദേഹം പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എഡിജിപി പി. വിജയനെതിരെ വ്യാജ മൊഴി നൽകിയതിന് എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ കേസെടുക്കാമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ.

"ഒരു റാങ്ക് ലിസ്റ്റിലെ എല്ലാവർക്കും നിയമനം കിട്ടണമെന്ന് അതിൽ ഉൾപ്പെട്ടവർക്ക് ആഗ്രഹിക്കാം. എന്നാൽ, അർഹതയുള്ളവർക്കേ നിയമനം കിട്ടൂ. ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിലും അതിൽ എല്ലാവർക്കും നിയമനം നൽകുന്നതിലുമാണ് സർക്കാരിന്‍റെ ശ്രദ്ധ'- വനിതാ പൊലീസ് റാങ്ക് ലിസ്റ്റിലുള്ളവർ നടത്തിവരുന്ന സമരത്തെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി അറിയിച്ചു.

"എസ്എഫ്ഐഒ കേസ് സംബന്ധിച്ച ഹൈക്കോടതി സ്റ്റേ മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസമായോ' എന്ന ഒരു മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് "അസംബന്ധം ചോദിക്കരുതെ'ന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഐഎഎസ് ഉദ്യോഗസ്ഥയും കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥിന്‍റെ ഭാര്യയുമായ ദിവ്യ എസ്. അയ്യർ തന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ സംബന്ധിച്ച് നടത്തിയ നിഷ്കളങ്കമായ പരാമർശത്തിനെതിരെയുള്ള അധിക്ഷേപം പുരുഷ മേധാവിത്വത്തിന്‍റെ അങ്ങേയറ്റമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അവരുടെ ഭർത്താവിന്‍റെ രാഷ്‌ട്രീയത്തിന് വിരുദ്ധമായി കാര്യങ്ങൾ പറയുമ്പോൾ അവർക്കുനേരെ വല്ലാതെ ഓടിക്കയറേണ്ട കാര്യമില്ല. അപക്വമായ മനസുകളുടെ ജൽപനമാണ് ദിവ്യയ്ക്കെതിരായ പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com