കെ.എം. ബഷീറിന്‍റെ മരണം: വീണ്ടും സമയം തേടി ശ്രീറാം വെങ്കിട്ടരാമന്‍

കേസ് ജൂലൈ 18ന് പരിഗണിക്കും
K.M. Basheer death: Sriram Venkataraman seeks time again
കെ.എം. ബഷീറിന്‍റെ മരണം: വീണ്ടും സമയം തേടി ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ വീണ്ടും കൂടുതല്‍ സമയം തേടി. കോടതിയില്‍ ഹാജരാകാതെയാണ് പ്രതി കൂടുതല്‍ സമയം തേടിയത്. സമയം അനുവദിച്ച കോടതി അടുത്ത മാസം 18ന് കോടതിയിലെത്തി വാദം ബോധിപ്പിക്കാന്‍ ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറിന്‍റേതാണുത്തരവ്.

ഇത് മൂന്നാം തവണയാണ് പ്രതി വാദം ബോധിപ്പിക്കാന്‍ സമയം തേടുന്നത്. കഴിഞ്ഞ മാര്‍ച്ച് മുപ്പതിനും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനൊന്നിനും കേസ് പരിഗണിച്ചപ്പോഴും പ്രതി സമയം തേടിയിരുന്നു. കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതി വിളിച്ചു വരുത്തുന്നത്.

2023 ഓഗസ്റ്റ് 25 നാണ് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്‍റെ റിവിഷന്‍ ഹര്‍ജി തിരസ്‌കരിച്ചത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. കേസില്‍ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്. ഇതോടെയാണ് നരഹത്യ കുറ്റത്തിന് ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടാന്‍ സാഹചര്യം ഒരുങ്ങിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com