ബാർ കോഴക്കേസിൽ കുടുക്കിയത് ചെന്നിത്തല: പരാമർശം കെ.എം. മാണിയുടെ ആത്മകഥയിൽ

ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തെ പിന്തുണയ്ക്കാത്താതാവാം കാരണമെന്നും പുസ്തകത്തിൽ
KM Mani, Ramesh Chennithala
KM Mani, Ramesh Chennithala

തിരുവനന്തപുരം: വിവാദമായ ബാർ കോഴക്കേസിൽ തന്നെ കുരുക്കിയത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരള കോൺഗ്രസ് ചെയർമാനായിരുന്ന കെ.എം. മാണിയുടെ ആത്മകഥയിൽ. ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തെ പിന്തുണയ്ക്കാത്തതായിരിക്കാം തന്നെ കേസിൽ കുടുക്കാൻ കാരണമെന്ന് മാണി പറയുന്നു.

480 പേജുള്ള "ആത്മകഥ' എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിന്‍റെ അവസാനഭാഗത്ത് പ്രത്യേകം ഉൾപ്പെടുത്തിയ അധ്യായത്തിലാണ് ഈ പരാമർശം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരേയും മാണി ഒളിയമ്പ് തൊടുത്തിട്ടുണ്ട്. തന്‍റെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സംഭവമാണ് ബാർ കോഴക്കേസ്. കേസ് വന്നപ്പോൾ യുഡിഎഫിന്‍റെ ശിൽപ്പികളിലൊരാളായ തനിക്ക് മുന്നണിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ഏറെ വേദനിപ്പിച്ചു. നിരവധി തവണ രാജിവയ്ക്കാൻ ഒരുങ്ങിയെങ്കിലും മന്ത്രിസഭയിലെ സഹപ്രവർത്തകർ പിന്തിരിപ്പിച്ചതിനാൽ രാജി ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു.

അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും മാണി ആരോപിക്കുന്നു. ബാർ കോഴ ആരോപണം പുറത്തുവന്നയുടനെ തനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നടപടി സംശയാസ്പദമാണ്.

ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് സമീപിച്ച കോൺഗ്രസ് നേതാവിന്‍റെ വാദങ്ങൾക്ക് വില കൽപ്പിച്ചില്ല. ഇതായിരിക്കാം കോഴക്കേസ് വന്നപ്പോൾ ചെന്നിത്തലയുടെ നിലപാട് തനിക്കെതിരാകാൻ കാരണം. കേസ് തനിക്കെതിരേ ഉപയോഗിക്കാനുള്ള വടിയായി ചെന്നിത്തല കരുതിക്കാണും.

അതേസമയം ബാർ ഉടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തലിനു പിന്നിൽ ചില കോൺഗ്രസ് നേതാക്കളുണ്ടെന്നും മാണി പുസ്തകത്തിൽ തുറന്നടിക്കുന്നു.

യുഡിഎഫിലെ ഒരു നേതാവിനെ വട്ടമിട്ട് ആക്രമിച്ച ആളിന്‍റെ മകളുടെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ അയാളുടെ വീട്ടിൽ പോയ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ആ വിവാഹത്തിന്‍റെ നടത്തിപ്പുകാരായി മാറി. ഇതും മാധ്യമങ്ങൾ വലിയ വാർത്തയാക്കി. സഹപ്രവർത്തകനെ വേട്ടയാടിയ വൈരിയുടെ വീട്ടിൽ പോയ സാഹചര്യം ഇവർക്ക് ഒഴിവാക്കാമായിരുന്നു. താനാണെങ്കിൽ അങ്ങനെ പോകില്ലായിരുന്നെന്നും മാണി ആത്മകഥയിൽ വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.