മെട്രൊ റെയിൽ തലസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റുമോ? പദ്ധതി രേഖ ഉടൻ സമർപ്പിക്കും

പദ്ധതിയ്ക്ക് പിന്നിൽ സർക്കാരിന്‍റെ രാഷ്ട്രീയലക്ഷ്യമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം മെട്രോ പദ്ധതി രേഖ കേരളം ഉടൻ കേന്ദ്രത്തിന് സമർപ്പിക്കു

പ്രതീക്ഷയോടെ തലസ്ഥാനം

Updated on

തിരുവനന്തപുരം: മെട്രൊ റെയിൽ‌ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം ലഭിച്ചതോടെ തിരക്കിട്ട് ഡിപിആർ തയ്യാറാക്കൽ നടപടിയിലേക്ക് കടന്നിരിക്കുകയാണ് കൊച്ചി മെട്രൊ റെയിൽ ലിമിഡ്. കെഎംആർഎൽ തയ്യാറാക്കുന്ന മെട്രൊ പദ്ധതി രേഖ കേരളം ഉടൻ കേന്ദ്രത്തിന് സമർപ്പിക്കുമെന്നാണ് വിവരം.

തിരുവനന്തപുരം മെട്രൊയുടെ ആദ്യ ഘട്ട അലൈന്‍മെന്‍റിന് സെക്രട്ടറി തല സമിതി കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. ഇതോടെയാണ് മെട്രൊ പദ്ധതിയുടെ ഡിപിആർ വേഗത്തിലാക്കാൻ സർക്കാർ കെഎംആർഎല്ലിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

തുടക്കത്തിൽ തലസ്ഥാനത്ത് ലൈറ്റ് മെട്രൊയെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ നഗരത്തിന്‍റെ പ്രത്യേകത കണക്കിലെടുത്ത് മെട്രൊ റെയിൽ പദ്ധതി‍യിലേക്ക് മാറുകയായിരുന്നു. ടെക്നോപാര്‍ക്കിന്‍റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്‍റ്, റെയില്‍വെ സ്റ്റേഷന്‍, സെക്രട്ടേറിയറ്റ്, മെഡിക്കല്‍ കോളെജ് എന്നിവയെ ബന്ധിപ്പിച്ചാണ് ആദ്യ ഘട്ട അലൈന്‍മെന്‍റ്.

പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലില്‍ അവസാനിക്കുന്ന 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ട അലൈന്‍മെന്‍റിന് അംഗീകാരം ലഭിച്ച സാഹചര്യത്തിൽ ഡിപിആർ തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കാനാണ് പദ്ധതിയുടെ ചുമതലയുള്ള കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡിന്‍റെ തീരുമാനം.

കെഎംആര്‍എല്‍ തയ്യാറാക്കുന്ന ഡിപിആര്‍, അനുമതിക്കായി കേരളം കേന്ദ്രത്തിന് സമര്‍പ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രം ഇപ്പോൾ വേഗത്തിൽ മെട്രൊ അനുവദിക്കുന്നുണ്ട്. പദ്ധതി രേഖ സമർപ്പിക്കുന്ന മുറയ്ക്ക് തലസ്ഥാനത്തെ മെട്രൊ റെയിലിന് അനുമതി കിട്ടുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രംശേഷിക്കെ വികസനം ചർച്ചയാക്കുകയെന്ന ലക്ഷ്യത്തിന് വേണ്ടിയാണ് തലസ്ഥാനത്തെ മെട്രൊ പദ്ധതിയ്ക്കായി തിരക്ക് കൂട്ടുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com