
കൊച്ചി: സ്കൂട്ടർ തട്ടിപ്പ് കേസിൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ. ആനന്ദകുമാറിന് എല്ലാ മാസവും 10 ലക്ഷം രൂപ വീതം നൽകിയിരുന്നുവെന്ന് മുഖ‍്യപ്രതി അനന്തുകൃഷ്ണന്‍റെ മൊഴി. അനന്തുകൃഷ്ണന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സായ് ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കൂടിയായ ആനന്ദകുമാറിലേക്ക് വ‍്യാപിപ്പിച്ചത്. പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന്‍റെ ഉത്തരവാദിത്തം അനന്തുകൃഷ്ണനാണെന്നാണ് നേരത്തെ കെ.എൻ. ആനന്ദകുമാർ പറഞ്ഞിരുന്നത്.
മാസങ്ങൾക്ക് മുമ്പ് താൻ എൻജിഒ കോൺഫെഡറേഷനിൽ നിന്ന് രാജിവച്ചെന്നും പിന്നീട് സംഭവിച്ച കാര‍്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ആനന്ദകുമാർ പറഞ്ഞത്. എന്നാൽ എല്ലാ മാസവും 10 ലക്ഷം രൂപ ആനന്ദകുമാറിന് നൽകിയെന്നാണ് അനന്ദുകൃഷ്ണൻ പൊലീസിന് നൽകിയ മൊഴി. സ്കൂട്ടർ തട്ടിപ്പ് വിതരണവുമായി ബന്ധപ്പെട്ട് പിന്നീട് അദ്ദേഹവുമായി തെറ്റിയെന്നും അനന്തുകൃഷ്ണൻ മൊഴിയിൽ പറയുന്നു.