

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നത് വരെ സംസ്ഥാനത്ത് ലീവ് സറണ്ടർ ആനുകൂല്യങ്ങൾ നിലവിലുണ്ടായിരുന്നുവെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.എൻ. ബാലഗോപാൽ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
നിശ്ചിത അടിസ്ഥാന ശമ്പളം വരെ വാങ്ങുന്നവർക്ക് ലീവ് സറണ്ടർ തുക പണമായി നൽകുകയും അതിനു മുകളിൽ ശമ്പളമുള്ളവർക്ക് ലീവ് സറണ്ടർ പിഎഫിൽ ചേർക്കാനുള്ള സൗകര്യം നൽകുകയും ചെയ്തെന്നാണ് അദ്ദേഹം പറയുന്നത്. മുൻ വർഷങ്ങളിലും സമയബന്ധിതമായി ലീവ് സറണ്ടർ സൗകര്യം നൽകിയെന്നും 2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി.ഡി. സതീശനാണെന്നും ബാലഗോപാൽ ആരോപിച്ചു.
കെ.എൻ. ബാലഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ഇന്ന് പറയുന്നത് കേട്ടു, എൽഡിഎഫ് സർക്കാർ നിർത്തലാക്കിയ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ തങ്ങളോട് പുനസ്ഥാപിക്കാൻ ആവശ്യപ്പെടുന്നു എന്ന്.
എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നത് വരെ സംസ്ഥാനത്ത് ലീവ് സറണ്ടർ ആനുകൂല്യങ്ങൾ നിലവിലുണ്ടായിരുന്നു. നിശ്ചിത അടിസ്ഥാന ശമ്പളം വരെ വാങ്ങുന്നവർക്ക് ലീവ് സറണ്ടർ തുക പണമായി നൽകുകയും അതിനു മുകളിൽ ശമ്പളമുള്ളവർക്ക് ലീവ് സറണ്ടർ പിഎഫിൽ ചേർക്കാനുള്ള സൗകര്യം നൽകുകയും ചെയ്തു. G. O (P) No. 56/2026/Fin dated 15.03.2026 ലൂടെയാണ് ലീവ് സറണ്ടർ സൗകര്യം 31.05.2026 വരെ അവസാനത്തെ തവണ ദീർഘിപ്പിച്ചത്. മുൻ വർഷങ്ങളിലും സമയബന്ധിതമായി ലീവ് സറണ്ടർ സൗകര്യം നൽകുകയുണ്ടായി.
2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണ്. 11.06.2026 ലെ 26/2026/ Fin സർക്കുലറിലൂടെ 2026 ജൂൺ 1 മുതലുള്ള ലീവ് സറണ്ടർ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ലീവ് സറണ്ടറുകൾ നൽകേണ്ടതില്ല എന്നും വി ഡി സതീശൻ സർക്കാർ അറിയിച്ചു.
2026 ജൂൺ ഒന്നു മുതൽ കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത് നഷ്ടപ്പെടുകയാണ്. ടെർമിനർ ലീവ് സറണ്ടർ ചെയ്യാൻ കഴിയുന്ന, പരമാവധി 300 ദിവസത്തെ ലീവ് അധികരിച്ച ആളുകൾക്കെല്ലാം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
പ്രസംഗങ്ങളിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞ് അബദ്ധത്തിൽ ചാടുന്നതിന് മുമ്പ് സ്വന്തം സർവീസ് സംഘടനയിലെ ആളുകളോടെങ്കിലും സംസാരിച്ച് വസ്തുതകൾ മനസ്സിലാക്കി വേണം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ആളുകൾ സംസാരിക്കേണ്ടത്.
കാര്യങ്ങൾ പഠിച്ച് സംസാരിക്കുന്നത് അത്ര തെറ്റായ കാര്യമൊന്നുമല്ല, അതിനുവേണ്ടിയും അല്പസമയം മുഖ്യമന്ത്രിക്ക് ചെലവാക്കാം എന്ന ഉപദേശമേ അദ്ദേഹത്തിന് നൽകാനുള്ളൂ.