തനിയാവർത്തനമായി ധനപ്രതിസന്ധി ചർച്ച

നികുതി പിരിവിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ഡോ. മാത്യു കുഴൽനാടൻ
തനിയാവർത്തനമായി ധനപ്രതിസന്ധി ചർച്ച

എം.ബി. സന്തോഷ്

തിരുവനന്തപുരം: നിയമസഭ രാവിലെ സമ്മേളനം ആരംഭിച്ചപ്പോൾ ചോദ്യോത്തരവേളയിൽ ആദ്യ 4 ചോദ്യങ്ങൾക്കും മറുപടി പറയേണ്ടിവന്നത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ധന പ്രതിസന്ധി തന്നെയായിരുന്നു ആ ഒരുമണിക്കൂറിലെ പ്രധാന വിഷയം. അതു കഴിഞ്ഞപ്പോൾ അതാ വരുന്നു അടിയന്തര പ്രമേയം - അതും വിഷയം ധന പ്രതിസന്ധി തന്നെ!

മറുപടി പറയാൻ എഴുന്നേറ്റ മുഖ്യമന്ത്രി പിണറായി വിജയൻ അതിന് പ്രതിപക്ഷത്തോട് നന്ദിപറഞ്ഞു: "സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രമേയത്തിലൂടെ ശ്രമിച്ചതെങ്കിലും യഥാർഥ വസ്തുത പ്രതിപക്ഷത്തിനും നോട്ടിസിലൂടെ പറയേണ്ടിവന്നു. കേന്ദ്ര സർക്കാർ പതിനഞ്ചാം ധനകാര്യ കമ്മിഷന്‍റെ ഭാഗമായി സംസ്ഥാനത്തോട് കാട്ടിയ അവഗണന ധനപ്രതിസന്ധിയുടെ ഒരുകാരണമാണെന്നാണ് പ്രതിപക്ഷം നോട്ടിസിൽ പറയുന്നത്. അതിനും നന്ദി. ധന പ്രതിസന്ധിയുടെ ഒരു കാരണമാണ് പ്രതിപക്ഷത്തിനു ബോധ്യപ്പെട്ടതെങ്കിൽ മറ്റു കാരണങ്ങൾ കൂടി ബോധ്യപ്പെടാനുള്ള നിലപാട് നമുക്ക് എടുക്കാം. ലോക്സഭയിൽ 18 അംഗങ്ങൾ യുഡിഎഫിൽ നിന്നുണ്ട്. അവിടെ ഇത്തരം ഒരു അടിയന്തര പ്രമേയം കൊണ്ടുവരാൻ തയാറായില്ല എന്ന് ഓർക്കണം. പ്രതിപക്ഷത്തിനു മറ്റു കാര്യങ്ങൾ കൂടി മനസിലാക്കാൻ ധന പ്രതിസന്ധി വിശദമായി ചർച്ച ചെയ്യാം'- മുഖ്യമന്ത്രി പറഞ്ഞു.

അതോടെ, ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണിക്കൂർ ചർച്ച സ്പീക്കർ എ.എൻ. ഷംസീർ പ്രഖ്യാപിച്ചു. ഗവർണറുടെ നന്ദി പ്രമേയത്തിനെ അനുകൂലിച്ച് എം. വിജിൻ (സിപിഎം) പ്രസംഗിച്ച് തീർന്നപ്പോൾ ഒരു മണിക്ക് മിനിറ്റുകൾ ബാക്കിയുണ്ടായിരുന്നെങ്കിലും പ്രമേയം അവതരിപ്പിക്കാൻ റോജി എം. ജോണിനെ (കോൺ-ഐ) സ്പീക്കർ ക്ഷണിച്ചു.

ജിഎസ്ടി നടപ്പാക്കിയപ്പോൾ സംസ്ഥാനത്ത് കാലോചിതമായി വരുത്തേണ്ടിയിരുന്ന പരിഷ്കാരങ്ങൾ നടപ്പാക്കാത്തതാണ് ധന പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് റോജി എം. ജോൺ കുറ്റപ്പെടുത്തി. ക്ഷേമനിധി പെൻഷൻ പോലും കൊടുക്കാത്ത സർക്കാരാണ് ഇടതുപക്ഷ ബദൽ എന്ന് അവകാശപ്പെടുന്നത്. ഇന്ധന സെസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പേരിനെങ്കിലും കേന്ദ്രത്തെ വിമര്‍ശിക്കാന്‍ മനസു കാട്ടിയതിന് എല്ലാവരും എഴുന്നേറ്റ് നിന്ന് യുഡിഎഫിന് ആദരവര്‍പിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ (സിപിഎം). എല്ലാ തരത്തിലും കേരളത്തോട് ശത്രുതാപരമായ സമീപനം കാണിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ രക്ഷിക്കുന്നതിനുള്ള ഉപായമാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുന്നതല്ലാതെ അതിന് ഉത്തരവാദികളായവരെപ്പറ്റി യുഡിഎഫ് സംസാരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നികുതി പിരിവിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ഡോ. മാത്യു കുഴൽനാടൻ (കോൺ-ഐ) പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ കേന്ദ്രത്തിന് മന്ത്രി ബാലഗോപാൽ അയച്ച കത്ത് പ്രകാരം കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ളത് 57,000 കോടിയല്ല, 3,469 കോടി മാത്രമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടാനുപാതം പഞ്ചാബിനാണെന്നും രണ്ടാമത് കേരളമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇവിടെയില്ലാത്ത കക്ഷികളുടെ വക്കാലത്താണ് കുഴൽനാടന്‍റേത് എന്ന് പരിഹസിച്ച ഇ.ടി. ടൈസൻ (സിപിഐ) പ്രതിപക്ഷം മരം കാണാതെ കാട് കാണുകയാണെന്ന് വിമർശിച്ചു. ചെലവെല്ലാം സംസ്ഥാന സർക്കാരിനും വരുമാനമെല്ലാം കേന്ദ്ര സർക്കാരിനും എന്നുമാണ് കേന്ദ്ര നിലപാടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭയിൽ ബിജെപിയുടെ കുറവ് മാത്യു കുഴൽനാടൻ നികത്തിയെന്നു പറഞ്ഞ സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരള കോൺ- എം) ഇരയ്ക്കൊപ്പം നിൽക്കുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയുമാണ് പ്രതിപക്ഷമെന്ന് ആരോപിച്ചു.

"റോഡിലിറങ്ങി പായുന്ന ഗവർണറോട് യോജിപ്പില്ലെ'ന്ന് വ്യക്തമാക്കിയ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പാർലമെന്‍റ് തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ ഒരുമിച്ച് ഡൽഹി സമരത്തിനുള്ള ബുദ്ധിമുട്ട് തുറന്നുപറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിൽ മുണ്ടുമുറുക്കി ഉടുക്കണമെന്ന സന്ദേശം നൽകണമായിരുന്നു. പൊലീസിന് പെട്രോളടിക്കാൻ പോലും പണമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുടങ്ങാതെ നടക്കുന്ന ഒറ്റക്കാര്യ മാത്രമേ ഉള്ളൂവെന്നും അതു ക്ലിഫ് ഹൗസിന്‍റെ നവീകരണമാണെന്നുമായിരുന്നു കെ.കെ. രമയുടെ (ആർഎംപി) ആരോപണം. കര്‍ട്ടര്‍ നിര്‍മിക്കാന്‍ 7 ലക്ഷം രൂപ. ഈ കര്‍ട്ടനെന്താ സ്വര്‍ണം പൂശിയതാണോ? ഉപയോഗം കഴിഞ്ഞ് മ്യൂസിയത്തില്‍ വയ്ക്കുന്നത് നന്നായിരിക്കുമെന്നും അവർ പരിഹസിച്ചു.

ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് ആദ്യമായിട്ടാണോയെന്ന് ചോദിച്ച ഡി.കെ. മുരളി (സിപിഎം) അവിടെ നീന്തൽക്കുളം നിർമിച്ചത് ഓർമിപ്പിച്ചു. മന്ത്രിമാരുടെ വസതിയിൽ കർട്ടൻ വാങ്ങിക്കുന്നത് ധൂർത്താണോ? കർട്ടൻ വാങ്ങുന്നത് കുടുംബാംഗങ്ങളാണോ? പ്രതിപക്ഷ നേതാവിനും കാറും ഔദ്യോഗിക വസതിയും സ്റ്റാഫും ഉണ്ടല്ലോ, അതും ധൂർത്താണോ? - അദ്ദേഹം ചോദിച്ചു.

ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചപ്പോൾ 4,000 രൂപ അനുവദിച്ചെന്നു പറഞ്ഞ കെ. ബാബു നെന്മാറ (സിപിഎം) അന്ന് 30 കോടി രൂപയാണ് അതിനായി ചെലവിട്ടതെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് അർഹതപ്പെട്ടത് അനുവദിക്കണം എന്നഭിപ്രായപ്പെട്ട മോൻസ് ജോസഫ് (കേരള കോൺ) സംസ്ഥാന സർക്കാർ അതിനായി ചെയ്യേണ്ടത് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പാർലമെന്‍റിൽ 18 യുഡിഎഫ് എംപിമാരുണ്ടെങ്കിലും കേരളത്തിനോടുള്ള അവഗണനയെക്കുറിച്ച് അവിടെ അവർ സംസാരിക്കുന്നേയില്ലെന്ന് അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ) ചൂണ്ടിക്കാട്ടി. കർഷകൻ പറമ്പ് കുഴിച്ചപ്പോൾ കുടത്തിൽനിന്ന് ഭൂതം വന്ന കഥ പറഞ്ഞത് എം. രാജഗോപാലനാണ് (സിപിഎം). ഭൂതം വരം നൽകി- നിങ്ങൾക്ക് കിട്ടുന്നതിന്‍റെ ഇരട്ടി അയൽക്കാരന് കിട്ടും. ഒരു കോടി കർഷകന് കിട്ടിയപ്പോൾ 2 കോടി അയൽക്കാരന്. അപ്പോൾ കർഷകൻ ആവശ്യപ്പെട്ടു: "എന്‍റെ ഒരു വൃക്ക പോകട്ടെ'. ഒന്നു നിർത്തിയശേഷം കൈയടികൾക്കിടയിൽ അദ്ദേഹം പറഞ്ഞു: "മനോവ്യാധിക്ക് മരുന്നില്ല'.

ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോവുന്നതെന്ന് വാദിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ധനമന്ത്രി ട്രഷറി പൂട്ടി താക്കോൽ പോക്കറ്റിലിട്ടാണ് നടക്കുന്നതെന്ന് പരിഹസിച്ചു. നികുതി വെട്ടിപ്പുകാരുടെ പറുദീസയാണ് കേരളം. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്‍റെ 20 ശതമാനം കേരളത്തിലാണ്. അതിൽനിന്ന് 10,000 കോടി രൂപ കിട്ടുമായിരുന്നു എന്നറിയിച്ചശേഷം അദ്ദേഹം പറഞ്ഞു: "ധനമന്ത്രീ, നിങ്ങൾ പരാജയപ്പെട്ടു'.

ലൈഫ് പദ്ധതിക്ക് 717 കോടി വകയിരുത്തിയതിൽ 18 കോടിയാണ് നൽകിയതെന്ന് സതീശൻ അറിയിച്ചപ്പോൾ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് എഴുന്നേറ്റെങ്കിലും പ്രതിപക്ഷ നേതാവ് വഴങ്ങിയില്ല. "രേഖകളുടെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കുന്നത്. ആധികാരികമല്ലെങ്കിൽ പൊതുമാപ്പ് പറയാം' - അദ്ദേഹം അറിയിച്ചു.

പിന്നീട്, മന്ത്രി എം.ബി. രാജേഷ് ഈ വർഷം 1,628.49 കോടി രൂപ ലൈഫ് പദ്ധതിക്ക് സർക്കാർ ചെലവഴിച്ചെന്ന് വ്യക്തമാക്കി. പണം അനുവദിച്ചതിന്‍റെ വിവരം തലേന്ന് നിയമസഭയിൽ ചോദ്യത്തിനുത്തരം നൽകിയതും അദ്ദേഹം വായിച്ചു. പ്രതിപക്ഷ നേതാവിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മന്ത്രി തിരിച്ചടിച്ചു.

ട്രഷറിയില്‍ പൂച്ച പെറ്റു കിടക്കുകയല്ല, എല്ലാ ചെലവുകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ ധനമന്ത്രി കെ.എന്‍. ബാലഗോപാൽ മറുപടി പ്രസംഗത്തിൽ മോഹൻലാലിനെയും കൂട്ടുപിടിച്ചു. "ലാലിന്‍റെ പുതിയ സിനിമയുണ്ടല്ലോ, വാലിബൻ' എന്നു പറഞ്ഞപ്പോഴേയ്ക്കും സ്പീക്കർ എ.എൻ. ഷംസീർ പൂരിപ്പിച്ചു: "മലൈക്കോട്ടെ വാലിബൻ'. അത് ചിത്രീകരിച്ച രാജസ്ഥാനിൽ ചികിത്സ തേടിയശേഷം അനുഭവം വിശദീകരിച്ച മോഹൻലാൽ പറഞ്ഞിരുന്നു: "സൗകര്യമുള്ള ആശുപത്രികളും നല്ല റോഡും ആവശ്യത്തിനു ബസും കാറും ആവശ്യത്തിലേറെ വെള്ളവുമെല്ലാം ഉള്ള നമ്മൾ സ്വർഗത്തിലാണു ജീവിക്കുന്നതെന്ന് ഈ യാത്രകൾ എന്നെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു. എന്നിട്ടും നാം പോരടിക്കുന്നു, ഇല്ലായ്മകളെക്കുറിച്ചു പറയുന്നു'.

ഇത് വിശദീകരിച്ച ശേഷം മന്ത്രി ബാലഗോപാൽ ചോദിച്ചു: "നിതി ആയോഗിന്‍റെ കണക്കനുസരിച്ച് 24 ഇനങ്ങളിൽ കേരളം ഒന്നാമതാണ്. 5 ലക്ഷം പേർക്ക് സ്വന്തമായി വീടു വച്ചു നൽകുന്ന വേറെ ഏത് സംസ്ഥാനമുണ്ട്?'

മന്ത്രിയുടെ പ്രസംഗത്തിനുശേഷം മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി. തുടർന്ന് പ്രതിപക്ഷ പ്രമേയം നിയമസഭ തള്ളി. കഴിഞ്ഞ സമ്മേളനത്തിലും ധനപ്രതിസന്ധി അടിയന്തര പ്രമേയമായി ചർച്ച ചെയ്യുകയും പ്രതിപക്ഷ ഇറങ്ങിപ്പോക്കുണ്ടാവുകയും പ്രമേയം സഭ തള്ളുകയും ചെയ്തിരുന്നതിന്‍റെ തനിയാവർത്തനമായിരുന്നു ഇന്നലെയും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com