സുപ്രീംകോടതി വിധി ചരിത്രപരം: മന്ത്രി കെ.എൻ. ബാലഗോപാൽ

സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സാമ്പത്തിക വിഷയങ്ങളിൽ കേസ് നിർണായകമാകും
ധനമന്ത്രി കെ.എൻ . ബാലഗോപാൽ
ധനമന്ത്രി കെ.എൻ . ബാലഗോപാൽ

കൊല്ലം: കടമെടുപ്പ്‌ പരിധി സംബന്ധിച്ച കേരളത്തിന്‍റെ കേസ്‌ ഭരണഘടനാ ബഞ്ചിനുവിട്ട സുപ്രീംകോടതി വിധി ചരിത്രപരമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിധി മറ്റു സംസ്ഥാനങ്ങൾക്കും സഹായമാവും. കൊല്ലം പ്രസ്സ്‌ ക്ലബിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സർക്കാർ കോടതിയിൽ തള്ളണമെന്ന് പറഞ്ഞ കേസാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. കോടതി എത്രയുംവേഗം കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. വിധി പോസിറ്റിവും ഇന്ത്യയുടെ ചരിത്രത്തിൽ പ്രധാനപ്പെട്ടതുമാണ്‌. സാമ്പത്തിക കാര്യങ്ങളിൽ ഇത്തരത്തിലൊരു കേസും രാജ്യത്ത് ആദ്യത്തേതാണ്‌. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സാമ്പത്തിക വിഷയങ്ങളിൽ കേസ് നിർണായകമാകും.

ഇതിന്‍റെ ഗൗരവം എത്രത്തോളമെന്ന്‌ കോടതിക്ക് ബോധ്യമായി. കേരളത്തിന്‍റെ അപേക്ഷ ഭരണഘടനമാകരമായി പരിശോധിക്കേണ്ടത് എന്നാണ്‌ കോടതി വിലയിരുത്തിയത്‌. ഭരണഘടനാ അവകാശമാണ് കോടതിയിൽ കേരളം ചൂണ്ടിക്കാട്ടിയത്. കേരളത്തിന്‍റെ ആവശ്യത്തിൽ ന്യായം ഇല്ലെന്ന്‌ കേന്ദ്രം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേരളത്തിന്‍റെ ആവശ്യത്തിൽ ന്യായം ഉണ്ടോയെന്നല്ല കേന്ദ്രം കോടതിയിൽ പറഞ്ഞത്, മറ്റു സംസ്ഥാനങ്ങളും പരാതിയുമായി എത്തുമെന്നാണ്.

സുപ്രീം കോടതിയുടെ ഇടക്കാല വിധി കേരളം പോലെ സമാന അവസ്ഥ നേരിടുന്ന എല്ലാ സംസ്ഥാനങ്ങൾക്കും സഹായകരമാകും എന്നാണ് പ്രതീക്ഷ. കോടതിയിൽ പോയതിനുശേഷം സംസ്ഥാനത്തിന്‌ കിട്ടിയ 13,000 കോടി രൂപ അധികമായി കിട്ടിയതല്ല, മറിച്ച്‌ സാധാരണഗതിയിൽ കിട്ടേണ്ടതാണ്. പ്ലാൻ ബി എന്നാൽ ജനങ്ങളെ സംഘടിപ്പിച്ച് മുന്നോട്ട് പോവുക എന്നതാണ്. യാചിക്കാനല്ല, അർഹമായ കാര്യങ്ങൾ നേടിയെടുക്കാനാണ് സുപ്രിംകോടതിയിൽ പോയത്.

ന്യായമായ കാര്യങ്ങളിൽ കേന്ദ്ര മന്ത്രിമാർ നടത്തുന്ന പ്രസ്താവന രാഷ്ട്രീയപരമാണ്. കേരളത്തിന് കിട്ടാനുള്ള പണമെല്ലാം വെട്ടിക്കുറയ്ക്കുന്നു. കേരളത്തിൽ 3 വർഷം കൊണ്ട് 75 ശതമാനം നികുതി വർധിപ്പിച്ചു. എല്ലാ മേഖലയ്ക്കും എത്തിക്കാനുള്ള പണം എത്തിച്ചു. വെറുതേ ഇരിക്കുകയായിരുന്നില്ല. കിട്ടാനുള്ള മുഴുവൻ നികുതിയും പിരിച്ചെടുത്തു.

സംസ്ഥാന സർക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയമാണ് പ്രശ്നമെന്നാണ് പ്രതിപക്ഷം പറയുന്നത്. അത് തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞു. ശമ്പളം മുടങ്ങുമെന്ന പ്രചരണം നടന്നപ്പോൾ സന്തോഷിച്ചവരാണ് പ്രതിപക്ഷം. സാധാരണ രീതിയിൽ വിഷമിക്കുകയാണ് വേണ്ടത്. പാർലമെന്‍റിനുള്ളിൽ സാമ്പത്തിക പ്രശ്നം ഉന്നയിക്കാൻ യുഡിഎഫ് എംപി മാർക്ക് കഴിഞ്ഞില്ല.

യുഡിഎഫ് എംപിമാർ ആർക്കുവേണ്ടിയാണ് സംസാരിക്കുന്നത്? കേരളത്തിന് വേണ്ടിയായിരുന്നില്ല. പെറ്റീഷൻ ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാർ തയ്യാറായില്ല.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം പ്രതിപക്ഷത്തെ ഇല്ലാതാക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ പോയി കേരള ജനതയ്ക്ക് വേണ്ടി സമരം ചെയ്തത് അന്തസായി കാണുന്നു. കേരളം പൊരുതി മുന്നോട്ടു കൊണ്ടുവന്ന വിഷയമാണിതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ കേരള ജനതയ്ക്ക് എതിരായി സംസാരിക്കുന്നുവെന്നും ബാലഗോപാൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com