''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

''പേരുകള്‍ വെക്കാതെ എന്നാല്‍ ഊഹത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തികളെ മനസിലാക്കാന്‍ കഴിയും വിധം അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചത് ശ്രദ്ധയില്‍പ്പെട്ടു''
kn unnikrishan mla fb post against cyber attack

കെ.എൻ. ഉണ്ണികൃഷ്ണൻ

Updated on

കൊച്ചി: തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ.

നിക്ഷിപ്തമായ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി തന്‍റെ രാഷ്ട്രീയ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വ്യാജപ്രചരണങ്ങള്‍ നടന്നുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിന്‍റെ മുന്നില്‍ എത്തിച്ച് മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നതായും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസറ്റിന്‍റെ പൂർണരൂപം...

പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന ഒരു എളിയ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഞാന്‍. ഇന്ന് നിയമസഭയില്‍ വൈപ്പിനെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം ആണ്. ഒരു പൊതുപ്രവര്‍ത്തകനെ രൂപപ്പെടുത്തുന്നതില്‍ നിസ്വാര്‍ത്ഥതയും സഹനവും ത്യാഗവും സഹജീവികളോടുള്ള സ്നേഹവും കരുണയും ഒക്കെ ചേരുന്നത് വഴിയാണ് നിയമസഭാംഗം പോലുള്ള ഒരു പദവിയിലേക്ക് ഒരു പ്രവര്‍ത്തകന് നടന്നുകയറുന്നതിന് വഴി തെളിയിക്കുന്നത്. പലവിധത്തിലുള്ള പ്രതിസന്ധികളും ദുര്‍ഘടം നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചുമാണ് ഞാന്‍ ഇവിടം വരെയെത്തിയത്. അതില്‍ രാഷ്ട്രീയ എതിരാളികളുടെ പോലും സ്നേഹവും ബഹുമാനവും എന്‍റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ നിക്ഷിപ്തമായ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിമാത്രം; വ്യക്തിപരമായി പകപോക്കുന്നതിനും എന്‍റെ രാഷ്ട്രീയ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വ്യാജപ്രചരണങ്ങള്‍ നടന്നുവരുന്നതായി ശ്രദ്ധയില്‍പെടുകയുണ്ടായി. സി.കെ.ഗോപാലകൃഷ്ണന്‍, ചെട്ടിശ്ശേരിയില്‍ എന്ന മേല്‍വിലാസം ഉള്ള വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ്

പേരുകള്‍ വെക്കാതെ എന്നാല്‍ ഊഹത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തികളെ മനസിലാക്കാന്‍ കഴിയും വിധം അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുക്കുകയും ദിനപത്രങ്ങളിലും ഓണ്‍ലൈന്‍ ചാനലുകളിലും പേരും തന്‍റെ ഫോട്ടോയും പതിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍ വരുകയുണ്ടായി.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതില്‍, തകര്‍ക്കുന്നതില്‍ അതിന്‍റെ നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീര്‍ത്തിപെടുത്തുകയും ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രം ആണ്. ഒരു ഗീബല്‍സിയന്‍ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഉയര്‍ത്തെഴുന്നേല്പിക്കാനും ജീര്‍ണ്ണതയുടെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്നും രക്ഷനേടുന്നതിനുമുള്ള ഒരു നെറികെട്ട പ്രചരണം മാത്രമാണ്.

ഈ തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിന്‍റെ മുന്നില്‍ എത്തിച്ച് മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു. രാഷ്ട്രീയമായും നിയമപരമായും ഈ സംഭവങ്ങളെ നേരിടുമെന്ന് അറിയിക്കുകയും ചെയ്യുന്നു.

എന്നെ വ്യക്തിപരമായി സ്നേഹിക്കുകയും പൊതുകാര്യങ്ങളില്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തുവരുന്ന എന്‍റെ

എല്ലാ സൗഹൃദങ്ങളും ഈ അടിസ്ഥാനരഹിതമായ എല്ലാ അവാദപ്രചരണങ്ങളേയും തള്ളിക്കളയണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം,

കെ. എന്‍. ഉണ്ണികൃഷ്ണൻ എം.എല്‍.എ, വൈപ്പിൻ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com