ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

ഈ മാസം 21ന് അസോസിയേഷൻ യോഗം ചേർന്ന് ഭാവി നടപടികൾ സ്വീകരിക്കാൻ കമ്മിറ്റി തീരുമാനിച്ചു
knanaya metropolitan mor severios kuriakose suspension stayed by court
Archbishop Kuriakos Mar Xavierios

കോട്ടയം: ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പൊലീത്ത ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെന്‍റ് ചെയ്ത നടപടിക്ക് സ്റ്റേ. 25ന് വിശദമായ വാദം കേള്‍ക്കുന്നത് വരെ തത്‌സ്ഥിതി തുടരും. അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവാ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ വെള്ളിയാഴ്ച പുറപ്പെടുവിച്ച കൽപ്പനയാണ് കോട്ടയം മുൻസിഫ് കോടതി 2 സ്റ്റേ ചെയ്തത്. മെത്രാപ്പൊലീത്തയെ അനുകൂലിക്കുന്നവർ നല്‍കിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ്.

ഇതിനിടെ സസ്പെൻഷനില്‍ പ്രതിഷേധിച്ച്‌ ശനിയാഴ്ച സമുദായ മെത്രാപ്പോലീത്തയെ അനുകൂലിച്ച് വിശ്വാസികൾ സഭാ ആസ്ഥാനമായ ചിങ്ങവനത്ത് തടിച്ച് കൂടി. സസ്പെൻഡ് ചെയ്ത ഉത്തരവും പാത്രിയാർക്കീസ് ബാവയുടെ ചിത്രവും കത്തിക്കുകയും ചെയ്തിരുന്നു. സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാവായ്ക്ക് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ നടപടി പിൻവലിച്ചില്ലെന്നും സമുദായ മെത്രാപ്പോലീത്തയെ അനുകൂലിക്കുന്നവർ പറഞ്ഞു. സസ്പെൻഷൻ നടപടിയില്‍ പ്രതിഷേധിച്ച്‌ അന്ത്യോഖ്യാ പാത്രിയാക്കീസ് ബന്ധത്തിന്‍റെ പതാക അഴിച്ചുമാറ്റി പകരം ക്നാനായ സമുദായ പതാക ഉയർത്തുകയും ചെയ്തു. സസ്പെൻഷൻ നടപടി അംഗീകരിക്കില്ലെന്നും ബാവയുടെ നടപടിയെ ക്നാനായ സമുദായം പുച്ഛിച്ചു തള്ളുന്നുവെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. പാത്രിയാർക്കീസ് ബാവയുടെ കൽപന ഭരണഘടനാ വിരുദ്ധമാണെന്നാണ് അവർ പറയുന്നത്.

ഈ മാസം 21ന് അസോസിയേഷൻ യോഗം ചേർന്ന് ഭാവി നടപടികൾ സ്വീകരിക്കാൻ കമ്മിറ്റി തീരുമാനിച്ചു. അമേരിക്കയില്‍ ക്‌നാനായ വിഭാഗത്തിന്‍റെ പള്ളികളില്‍ ഓർത്തഡോക്‌സ് വിഭാഗം പ്രാർത്ഥന നടത്തി, ഓർത്തഡോക്‌സ് സഭാ അധ്യക്ഷനടക്കമുള്ളവർക്ക് ക്‌നാനായ സമുദായാംഗങ്ങള്‍ സ്വീകരണം നല്‍കി തുടങ്ങി 15 ഇന കാരണങ്ങളാണ് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെൻഷനിലേക്ക് നയിച്ചത്. സമുദായത്തിൽ തന്നെയുള്ള വിഭിന്നതയാണ് ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് സഭയെ നയിക്കുന്നതെന്നാണ് സഭയിലെ മുതിർന്നവരുടെ അഭിപ്രായം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com