കൊച്ചി വിമാനത്താവളം റെയിൽ പാതയുമായി ബന്ധിപ്പിക്കുന്നു | Video

വിമാനത്താവളത്തിന് ഒന്നര കിലോമീറ്റർ അകലെ കൂടി റെയിൽ പാത കടന്നുപോകുന്നുണ്ട്. ഇവിടെ റെയിൽവേ സ്റ്റേഷൻ നിർമിച്ച് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രത്യേക ലേഖകൻ

കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ റെയിൽ പാതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന് പുതുജീവൻ. വിമാനത്താവളത്തിന് ഒന്നര കിലോമീറ്റർ മാത്രം അകലെ കൂടി നിലവിൽ റെയിൽ പാത കടന്നുപോകുന്നുണ്ട്. ഇവിടെ റെയിൽവേ സ്റ്റേഷൻ നിർമിച്ച് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന രീതിയിലുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.

19 കോടി രൂപ ചെലവിൽ, ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായിരിക്കെ 2010ൽ നെടുമ്പാശേരി റെയിൽവേ സ്റ്റേഷനു തറക്കില്ലട്ടിരുന്നതാണെങ്കിലും പദ്ധതി അവിടെനിന്ന് ഒരിഞ്ച് മുന്നോട്ടു പോയിരുന്നില്ല. പിന്നീട് ബെന്നി ബഹനാൻ എംപിയും പാർലമെന്‍റിൽ ഈ വിഷയം ഉന്നയിച്ചിരുന്നു.

ഇപ്പോൾ, കേന്ദ്രമന്ത്രി ജോർജ് കുര്യന്‍ കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവുമായി സംസാരിച്ചതിനെത്തുടർന്നാണ് പദ്ധതിക്ക് പുതുജീവൻ കൈവന്നിരിക്കുന്നത്. എണറാകുളം - തൃശൂർ റൂട്ടിൽ അശ്വനി വൈഷ്ണവിനൊപ്പം ജോർജ് കുര്യൻ പ്രത്യേക ട്രെയ്നിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. ഇതിനു സേഷം, ദക്ഷിണ റെയിൽവേ ജനറൽ മാനെജർ ആർ.എൻ. സിങ് സ്ഥലം സന്ദർശിച്ച് പുതിയ എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശിക്കുകയായിരുന്നു. ഇത്തരത്തിൽ പുതുക്കിയ എസ്റ്റിമേറ്റിലാണ് 19 കോടി രൂപ ചെലവ് കണക്കാക്കുന്നത്.

ഇവിടെ റെയിൽവേ ട്രാക്കിന്‍റെ ഇരുവശത്തും റെയിൽവേയുടെ ഉടമസ്ഥതയിൽ തന്നെ ഭൂമിയുള്ളതിനാൽ ഭൂമി ഏറ്റെടുക്കലിന്‍റെ ആവശ്യം വരുന്നില്ല. എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കുന്നതു മുതൽ ഒരു വർഷമാണ് പദ്ധതി പൂർത്തിയാക്കാൻ സമയം കണക്കാക്കുന്നത്.

കൊച്ചി വിമാനത്താവളം റെയിൽ പാതയുമായി ബന്ധിപ്പിക്കുന്നു | Video
കൊച്ചി വിമാനത്താവളം റെയിൽ പാതയുമായി ബന്ധിപ്പിക്കുന്നു | Video

അത്താണി ജംക്ഷനിൽനിന്ന് എയർപോർട്ടിലേക്കുള്ള റോഡിൽ മേൽപ്പാലം കഴിഞ്ഞ്, സോളാർ പാടത്തിനടുത്തായാണ് സ്റ്റേഷൻ വിഭാവനം ചെയ്തിരിക്കുന്നത്. 2010ൽ തറക്കല്ലിട്ട സ്ഥലത്തുനിന്നു മാറിയാണ് പുതിയ സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. 24 കോച്ചുകൾ വരെയുള്ള രണ്ട് ട്രെയിനുകൾ ഒരേ സമയം നിർത്താൻ സാധിക്കുന്ന വിധത്തിൽ രണ്ട് പ്ലാറ്റ്ഫോമുകൾ നിർമിക്കാനുള്ള എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്.

പ്ലാറ്റ്ഫോമിൽ നിന്ന് നേരേ എയർപോർട്ട് റോഡിലേക്ക് ഇറങ്ങാൻ സാധിക്കും. ഇവിടെ നിന്ന് എയർപോർട്ടിലേക്കുള്ള ഒന്നര കിലോമീറ്റർ ദൂരം ഇലക്‌ട്രിക് ബസുകൾ ഉപയോഗിച്ച് കണക്റ്റ് ചെയ്യാനാവും. ആലുവ അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഇപ്പോൾ തന്നെ വിമാനത്താവളത്തിൽനിന്ന് കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡിന്‍റെ ഇലക്‌ട്രിക് ബസ് സർവീസുണ്ട്.

ഇതുകൂടാതെ, കൊച്ചി മെട്രൊ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടം അങ്കമാലിയിലേക്ക് നീട്ടുമ്പോൾ മെട്രൊ റെയിൽ കണക്റ്റിവിറ്റിയും ഇവിടെനിന്ന് ലഭ്യമാകും.

സംസ്ഥാനത്തിന്‍റെ തെക്കുനിന്നോ വടക്കുനിന്നോ കൊച്ചി വിമാനത്താവളത്തിലേക്കു വരുന്ന ട്രെയിൻ യാത്രക്കാർക്ക് നിർദിഷ്ട സ്റ്റേഷനിൽ ഇറങ്ങിയാൽ എയർപോർട്ടിലേക്കുള്ള കണക്റ്റിവിറ്റി എളുപ്പമാകുന്ന വിധത്തിലാണ് പുതിയ പദ്ധതി.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com