കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

നിയമസഭയിൽ എംഎല്‍എ ഉമ തോമസ് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
kochi metro

കൊച്ചി മെട്രോ

Updated on

തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായി കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും നിര്‍മ്മാണ വേളയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ എംഎല്‍എ ഉമ തോമസ് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് സര്‍ക്കാര്‍ പരിഹാര നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള പ്രദേശത്ത് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മെട്രോ നിര്‍മ്മാണ കോറിഡോറിലും പ്രധാന ജംഗ്ഷനുകളിലും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, ട്രാഫിക് പൊലീസുമായി സഹകരിച്ച് രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ തദ്ദേശീയമായി പരിശീലനം ലഭിച്ച ട്രാഫിക് വാര്‍ഡന്‍മാരെ വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മ്മാണത്തിനായി റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിന് ശേഷം ചില സ്ഥലങ്ങളില്‍ റോഡിന് വീതി കുറവായത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ടെങ്കിലും, സെന്‍റ് മാര്‍ട്ടിന്‍ ചര്‍ച്ച് ജംഗ്ഷന്‍, കുന്നുംപുറം ജംഗ്ഷന്‍, പടമുഗള്‍ ജംഗ്ഷന്‍, ഈച്ചമുക്ക് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ബാരിക്കേഡുകള്‍ പരമാവധി അകത്തേക്ക് മാറ്റി റോഡിന്‍റെ വീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ റോഡിലെ അപാകതകള്‍ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുള്ള ഭാഗത്തെ മൂന്ന് സെക്ടറുകളായി തിരിച്ച് ട്രാഫിക് പോലീസിന്‍റെ ബൈക്ക് പെട്രോളിംഗും മൊബൈല്‍ പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കരാര്‍ പ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് ഉറപ്പാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, ട്രാഫിക് പോലീസ്, ബിഎസ്എന്‍എല്‍, പിഡബ്ല്യുഡി തുടങ്ങിയ വിവിധ വകുപ്പുകളുമായി ജില്ലാ കളക്ടറുടെയും ജനപ്രതിനിധി കളുടെയും സാന്നിധ്യത്തില്‍ കൂടിയാലോചനകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com