നവജാത ശിശുവിന് വാക്സീന്‍ മാറി നൽകിയ സംഭവം; ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്

വീഴ്ച്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.
നവജാത ശിശുവിന് വാക്സീന്‍ മാറി നൽകിയ സംഭവം; ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്
Updated on

കൊച്ചി: ഇടപ്പള്ളിയിൽ നവജാത ശിശുവിന് വാക്സീന്‍ മാറി നൽകിയ സംഭവത്തിൽ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കു സമർപ്പിച്ച് റിപ്പോർട്ടിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്.

ഈ മാസം 12ന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടിക്കാണ് വാക്സീന്‍ മാറി നൽകിയത്. പാലാരിവട്ടം സ്വദേശികളുടെ 8 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ബിസിജി കുത്തിവെപ്പിന് പകരം 6 ആഴ്ചയ്ക്ക് ശേഷം നൽകേണ്ട കുത്തിവെപ്പാണ് നൽകിയത്. ആദ്യ ഡോസ് നൽകുന്നതിന് പകരം കുട്ടിക്ക് രണ്ടാമത്തെ ഡോസ് നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. വീഴ്ച്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന. അതേസമയം കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടിയുടെ പിതാവ് ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചപ്പോഴാണ് മരുന്ന് മാറിയ കാര്യം കണ്ടെത്തുന്നത്. വീഴ്ച തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും തുടർന്ന് 2 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഡിസ്‌ചാർജ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കുടുംബം പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യ ഡയറക്‌ടർക്ക് മന്ത്രി വീണ ജോർജ് അടിയന്തര നടപടി സ്വീകരിക്കാന്‍ നിർദേശം നൽകുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com