

സിഗരറ്റ് നൽകാൻ വൈകി, കൊച്ചിയിൽ കടയിലെ ജീവനക്കാരന് ക്രൂരമർദനം
കൊച്ചി: സിഗരറ്റ് നൽകാൻ വൈകിയതിനു ജീവനക്കാരനായ യുവാവിനു ക്രൂരമർദനം. ഞായറാഴ്ച വൈകിട്ട് വൈറ്റിലയ്ക്ക് സമീപമുള്ള കടയിലാണ് സംഭവമുണ്ടായത്. പാലക്കാട് സ്വദേശിയായ ജീവനക്കാരനാണ് മർദനമേറ്റത്. ഇയാളെ മൂന്നംഗ സംഘം മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സംഭവത്തിൽ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകിട്ട് കടയിലെത്തിയ മൂന്നംഗ സംഘം സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും എടുത്തു നൽകാൻ വൈകിയതാണ് പ്രകോപനം എന്നാണ് വിവരം. ഇതോടെ കടയ്ക്കുള്ളിൽ കയറിയ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടിയും ഇടിച്ചും ആക്രമിച്ചു. തടയാൻ ശ്രമിച്ചതിനു മറ്റു ജീവനക്കാരേയും പിടിച്ചു തള്ളുന്നതും വിഡിയോയിൽ കാണാം.
തെറി വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. ഒടുവിൽ മർദനമേറ്റ ചെറുപ്പക്കാരനെ കൊണ്ടു തന്നെ സിഗരറ്റ് എടുപ്പിച്ച് അത് കത്തിച്ചു വലിച്ചാണ് മൂന്നംഗ സംഘം സ്ഥലം വിട്ടത്. ഇതിനിടെ ഭീഷണിയും മുഴക്കുന്നത് ദൃശ്യങ്ങളിലുണ്ട്.