
കണ്ണൂർ: ജാമ‍്യവ‍്യവസ്ഥ ലംഘിച്ചതിനെത്തുടർന്ന് ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ‍്യവസ്ഥ ലംഘിച്ചതിനാലാണ് കൊടി സുനിയുടെ പരോൾ റദ്ദാക്കിയത്. ജൂലൈ 21ന് ആയിരുന്നു 15 ദിവസത്തേക്ക് അടിയന്തര പരോൾ കൊടി സുനിക്ക് അനുവദിച്ചിരുന്നത്.
പരോൾ ലഭിച്ച ശേഷം മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ എത്താമെന്നായിരുന്നു കൊടി സുനി അറിയിച്ചത്. എന്നാൽ, സുനി അവിടെ ഉണ്ടായില്ലെന്നാണ് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിൽ പറയുന്നത്.
സുനി അയൽ സംസ്ഥാനത്തേക്ക് പോയെന്നും സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിരുന്നു. ജാമ‍്യം റദ്ദാക്കിയതിനു പിന്നാലെ ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെത്തിച്ചു.