കൊല്ലത്ത് 'താരയുദ്ധം'

കൈവിട്ട കൊല്ലം തിരിച്ചുപിടിക്കാൻ എൽഡിഎഫ്, നിലനിർത്താൻ യുഡിഎഫ്
എൻ.കെ. പ്രേമചന്ദ്രൻ, എം. മുകേഷ്.
എൻ.കെ. പ്രേമചന്ദ്രൻ, എം. മുകേഷ്.

ശരത് ഉമയനല്ലൂർ

കൊല്ലം: കൈവിട്ട കൊല്ലം മണ്ഡലം തിരിച്ചുപിടിക്കാൻ സിറ്റിങ് എംഎൽഎയായ താരത്തെയിറക്കി എൽഡിഎഫ് മുന്നേറുമ്പോൾ സീറ്റ് നിലനിർത്താൻ യുഡിഎഫ്. സിറ്റിങ് എംപി ആർഎസ്പിയിലെ എൻ.കെ. പ്രേമചന്ദ്രനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ കൊല്ലം സിറ്റിങ് എംഎൽഎയും നടനുമായ എം. മുകേഷിനെ എൽഡിഎഫ് രംഗത്തിറക്കി. കൊല്ലത്തുകാരെ സംബന്ധിച്ചിടത്തോളം സിനിമയിലെ താരമായ മുകേഷും പാർലമെന്‍റിലെ താരമായ പ്രേമചന്ദ്രനും വേണ്ടപ്പെട്ടവർ തന്നെ. ഇരു മുന്നണികളെയും മാറി മാറി ചേർത്തു പിടിച്ച ചരിത്രമാണ് കൊല്ലത്തിനുള്ളത്.

പൊതുതെരഞ്ഞെടുപ്പ് ചരിത്രത്തിൽ ദ്വയാംഗമണ്ഡലങ്ങളുടെ പട്ടികയിലായിരുന്ന കൊല്ലത്ത്‌ 1952ൽ നടന്ന തെരഞ്ഞെടുപ്പിൽ എൻ. ശ്രീകണ്‌ഠൻനായരും ആർ. വേലായുധനും പ്രതിനിധാനംചെയ്‌തു. 1957ൽ പി.കെ. കൊടിയനും വി. പരമേശ്വരൻനായരുമായിരുന്നു എംപിമാർ. 1962, 1967, 1971, 1977 തെരഞ്ഞെടുപ്പുകളിൽ ആർഎസ്‌പിയിലെ എൻ. ശ്രീകണ്‌ഠൻനായർ വിജയിച്ച് കൊല്ലത്തിന്‍റെ മണ്ണ് ആർഎസ്പിയുടേതെന്ന് കുറിച്ചു. എന്നാൽ 1980ൽ കോൺഗ്രസിൽനിന്ന്‌ ബി.കെ. നായർ വിജയിച്ചു. 1984, 1989, 1991 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ എസ്‌. കൃഷ്‌ണകുമാർ നിലനിർത്തി. 1996ലും 1998ലും ആർഎസ്പിയിലെ എൻ.കെ. പ്രേമചന്ദ്രനിലൂടെ കൊല്ലം ഇടതുപക്ഷം നിലനിർത്തി. 1999ൽ ആർഎസ്പിയിൽ നിന്ന് സീറ്റ് സിപിഎം ഏറ്റെടുത്തു. പി. രാജേന്ദ്രനെ വിജയിപ്പിച്ച് പാർലമെന്‍റിലെത്തിച്ചു. 2004 ലും ഇതേ വിജയം ഇടത്തുപക്ഷം ആവര്‍ത്തിച്ചു. 2009ൽ എൻ.പീതാംബരക്കുറുപ്പിനെ ഇറക്കി കോൺഗ്രസ് സീറ്റ് തിരിച്ചു പിടിച്ചു. 2014 ലെ തെരഞ്ഞെടുപ്പില്‍ മുന്നണിയിലുണ്ടായ തർക്കത്തെ തുടർന്ന് ആര്‍എസ്പി യുഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ചപ്പോഴും എന്‍.കെ. പ്രേമചന്ദ്രന്‍ തന്നെയായിരുന്നു സ്ഥാനാർഥി. കുണ്ടറ എംഎൽഎയായിരുന്ന എം.എ. ബേബിയെയാണ് കൊല്ലം പിടിക്കാൻ അന്ന് സിപിഎം നിയോഗിച്ചത്. ബേബിയെ തോൽപ്പിച്ച് പ്രേമചന്ദ്രൻ പാർലമെന്‍റിലെത്തി.

2019ൽ എൻ.കെ.പ്രേമചന്ദ്രനെ പിടിച്ചുകെട്ടാൻ ഇപ്പോഴത്തെ ധനമന്ത്രിയും അന്ന് സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.എൻ. ബാലഗോപാലിനെ രംഗത്തിറക്കിയെങ്കിലും 1,48,856 വോട്ടുകൾക്ക് പ്രമേചന്ദ്രൻ വിജയിച്ചു. കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാനുള്ള ചുമതല ഇത്തവണ സിപിഎം ഏൽപിച്ചിരിക്കുന്നത് കൊല്ലത്തു നിന്നും രണ്ടു തവണ എംഎൽഎയായി വിജയിച്ച എം. മുകേഷിനാണ്.

നിർണായകം പരമ്പരാഗത വോട്ടുകൾ

ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്നത്. ഇതിൽ കുണ്ടറ ഒഴികെ ബാക്കി എല്ലായിടത്തും എൽഡിഎഫ് എംഎൽഎമാരാണ്. മണ്ഡലത്തില്‍ ആര്‍എസ്പിക്കുള്ള സ്വാധീനവും എൻ.കെ. പ്രേമചന്ദ്രന്‍റെ വ്യക്തി പ്രഭാവവും നേട്ടമാകുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

മണ്ഡലത്തിലെ വികസനങ്ങളാണ് യുഡിഎഫ് പ്രധാന പ്രചരണായുധമായി എടുത്തിരിക്കുന്നത്. കശുവണ്ടി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും വോട്ടുകളാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ നിര്‍ണായകമാവുക.

കൊല്ലം മണ്ഡലത്തിലെ വിജയ പരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ സാമൂദായിക വോട്ടുകള്‍ക്കും പങ്കുണ്ട്.‌ രണ്ടു മുന്നണി സ്ഥാനാർഥികളും ആദ്യഘട്ട പ്രചാരണത്തിലേക്കു കടന്നിട്ടുണ്ട്. മണ്ഡലത്തിലുടനീളം ആദ്യഘട്ട സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ് ഇരുവരും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം കൂടിയാകുമ്പോഴേക്കും കൊല്ലത്തിന്‍റെ തെരഞ്ഞെടുപ്പ് ചൂട് കടുക്കും.

Trending

No stories found.

Latest News

No stories found.