കോമളം പാലത്തിൻ്റെ നിര്‍മാണോദ്ഘാടനം ബുധനാഴ്‌ച

തുരുത്തിക്കാട്, അമ്പാട്ടുഭാഗം എന്നീ പ്രദേശങ്ങളെ വെണ്ണിക്കുളം, ഇരവിപേരൂര്‍ റോഡിലുള്ള കോമളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്
കോമളം പാലത്തിൻ്റെ നിര്‍മാണോദ്ഘാടനം ബുധനാഴ്‌ച

തിരുവല്ല : പ്രളയത്തില്‍ തകര്‍ന്ന കോമളം പാലം പുനര്‍നിര്‍മിക്കുന്നതിൻ്റെ നിര്‍മാണോദ്ഘാടനം നാളെ (ജൂണ്‍ 7) രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കോമളം പാലത്തിനു സമീപം കല്ലൂപ്പാറകരയില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ വെണ്ണിക്കുളം ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കോമളം പാലത്തിൻ്റെ തുരുത്തിക്കാട് ഭാഗത്തെ പ്രവേശന പാത 2021 ഒക്ടോബര്‍ 18 ന് ഉണ്ടായ പ്രളയത്തില്‍ പൂര്‍ണമായി ഒഴുകിപോയിരുന്നു.

തുരുത്തിക്കാട്, അമ്പാട്ടുഭാഗം എന്നീ പ്രദേശങ്ങളെ വെണ്ണിക്കുളം, ഇരവിപേരൂര്‍ റോഡിലുള്ള കോമളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. ഈ പാലം സെമി സബ്‌മേഴ്‌സിബിള്‍ ബ്രിഡ്ജായാണ് നിര്‍മിച്ചിരുന്നത്. ഇതിൻ്റെ അടിസ്ഥാനമായി വെല്‍ ഫൗണ്ടേഷന്‍ നല്‍കിയിരുന്നു. വെല്ലുകള്‍ തമ്മിലുള്ള അകലം അഞ്ചു മീറ്റര്‍ മാത്രമായിരുന്നു.

മണിമലയാറിന് കുറുകെ സ്ഥിതി ചെയ്യുന്ന ഈ പാലത്തിന് 10.75 മീറ്റര്‍ വീതമുള്ള അഞ്ച് സ്പാനുകളാണ് ഉണ്ടായിരുന്നത്. സെമി സബ് മേഴ്‌സിബിള്‍ ബ്രിഡ്ജ് ആയി രൂപകല്‍പ്പന ചെയ്തിരുന്ന ഈ പാലത്തിന്റെ സ്പാനുകളില്‍ അന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഫലമായി മരത്തടി, മുള, തുടങ്ങി പ്രളയത്തില്‍ ഒഴുകി വന്ന മറ്റ് മാലിന്യങ്ങള്‍ വന്നടിഞ്ഞു പാലത്തിന്റെ വെന്റ് വേ പൂര്‍ണമായി അടഞ്ഞു പോയി. പാലത്തിന് മുകള്‍ പ്രദേശങ്ങളില്‍ ക്രമാതീതമായി വെള്ളപ്പൊക്കം ഉണ്ടാകുകയും തല്‍ഫലമായി പാലം പൂര്‍ണമായും ബണ്ടു പോലെ അടഞ്ഞു പോകുകയും ചെയ്തു. ഇതുമൂലമുണ്ടായ വെള്ളത്തിന്റെ തള്ളല്‍ താങ്ങാനാകാതെ തുരുത്തിക്കാട് കരയിലുള്ള പ്രവേശനപാതയും അതിനോടു ചേര്‍ന്ന കരയും ഏകദേശം 35 മീറ്ററോളം ഒലിച്ചു പോയിരുന്നു.

തുടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിലേക്കായി നിലവിലുള്ള പാലം പൊളിച്ചു നീക്കി തല്‍സ്ഥാനത്ത് പുതിയ ഹൈ ലെവല്‍ പാലം പണിയുന്നതാണ് അനുയോജ്യമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ പഠനത്തിൽ ബോധ്യപ്പെട്ടിരുന്നു. വിശദമായ മണ്ണ് പരിശോധനയും രൂപകല്പനയും പൂര്‍ത്തിയാക്കി. ഈ പ്രവൃത്തിക്ക് 10.18 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി. നിലവില്‍ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി യുഎല്‍സിസിഎസ് എന്ന കരാര്‍ കമ്പനി ഏറ്റവും കുറഞ്ഞ നിരക്കായ 23.99 ശതമാനം അധികരിച്ച തുകയില്‍ കരാറില്‍ ഏര്‍പ്പെട്ടു. ഒന്നര വര്‍ഷത്തെ നിര്‍മാണ കാലയളവില്‍ പാലം പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കുകയാണ് ലക്ഷ്യം.

പുതുതായി നിര്‍മിക്കുന്ന പാലത്തിന് കോമളം കരയില്‍ 13.325 മീറ്റര്‍ നീളമുള്ള ഒരു ലാന്‍ഡ് സ്പാനും തുരുത്തിക്കാട് കരയില്‍ 13.325 മീറ്ററും 12.5 മീറ്ററും നീളമുള്ള ഓരോ ലാന്‍ഡ് സ്പാനുകളുമാണ് ഉള്ളത്. കൂടാതെ നദിയില്‍ 32 മീറ്റര്‍ നീളത്തില്‍ ഒരു സ്പാനും 30.725 മീറ്റര്‍ നീളത്തില്‍ രണ്ടു സ്പാനും ഉള്‍പ്പെടെ ആകെ ആറു സ്പാനുകളിലായി പാലത്തിന് ആകെ 132.6 മീറ്റര്‍ നീളമുണ്ട്. ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ അടിത്തറ പൈല്‍ ഫൗണ്ടേഷനായും സൂപ്പര്‍ സ്ട്രക്ചര്‍ പോസ്റ്റ് ടെന്‍ഷന്‍ഡ് പിഎസ് സി ഗര്‍ഡര്‍ ആന്‍ഡ് സ്ലാബ് ഇന്റഗ്രേറ്റഡ് വിത്ത് സബ് സ്ട്രക്ചറുമായാണ് നിര്‍മിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com