
കോന്നി പാറമട അപകടം; ബിഹാർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലുള്ള പാറമടയിൽ ഹിറ്റാച്ചിക്കു മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയ ബിഹാർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
പാറമടക്കൾക്കിടയിലുള്ള ഹിറ്റാച്ചിയുടെ ക‍്യാബിനുള്ളിൽ നിന്നുമാണ് ബിഹാർ സ്വദേശിയായ അജയ് റായിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കുന്നതിനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ലോങ് ബൂം എസ്കവേറ്റർ എത്തിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
നേരത്തെ നിർത്തിവച്ചിരുന്ന രക്ഷാദൗത‍്യം 8 മണിക്കൂറുകൾക്കു ശേഷമാണ് പുനരാരംഭിച്ചത്. തിങ്കളാഴ്ച പാറമടയിൽ ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും സഹായിയുമായിരുന്ന 2 ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു അപകടത്തിൽപ്പെട്ടത്. ഇതിൽ ഒഡീശ സ്വദേശിയായ മഹാദേവിന്‍റെ മൃതദേഹം തിങ്കളാഴ്ച തന്നെ കണ്ടെത്തിയിരുന്നു.