

സംപ്രേഷണം തടയണം; അണലി വെബ് സീരീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കൂടത്തായി ജോളി
കൊച്ചി: അണലി വെബ് സീരീസിന്‍റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് കൂടത്തായി കൊലക്കേസ് പ്രതി ജോളി ഹൈക്കോടതിയിൽ. എതിർ കക്ഷികൾക്ക് നോട്ടീസയക്കാൻ നിർദേശിച്ച കോടതി സീരീസിന്‍റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. ജസ്റ്റിസ് വി.ജി. അരുണാണാണ് ഹർജി പരിഗണിച്ചത്.
കൂടത്തായി കേസുമായി സദൃശ്യമുള്ള കഥയാണ് അണലി വെബ് സീരിസിന്‍റേതെന്നും അതിനാൽ സംപ്രേഷണം തടയണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. വെബ് സീരീസിന്‍റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നതല്ലാതെ അനുമാനങ്ങളുടെയും മറ്റും പേരിൽ സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു.
കേന്ദ്ര സർക്കാരിനെയും കേസിൽ ഹർജിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് അണലി. വിഷയം ജനുവരി 15 ന് വീണ്ടും പരിഗണിക്കും.