
പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം
file image
ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണ ഊദ്യോഗസ്ഥർ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. ഉപാധികൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി അന്വേഷണ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു.
2024 ജൂണ്‍ 8ന് നഗരപരിധിയിലെ ഒരു വീട്ടിൽ വച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ 4 വയസുള്ള കുഞ്ഞിനെ ഉപദ്രവിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുക്കുന്നത്. എന്നാൽ, ഒളിവിലാണെന്നു പറഞ്ഞ് പൊലീസ് നടനെ അറസ്റ്റ് ചെയ്തിരുന്നില്ല.
അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിലും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചുവെങ്കിലും രണ്ടിടത്തും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതോടെയാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്.