കൊറിയൻ സിനിമകൾ കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നു; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി

ക്രൈം സിനിമകളും കൊറിയൻ സിനിമകളും കുട്ടികൾ കാണുന്നതുവഴി അവരിൽ അക്രമവാസന വർധിക്കുന്നതായി ജനങ്ങളിൽ നിന്നു തന്നെ പരാതികൾ ഉയർന്നിട്ടുണ്ട്
Korean films promote violent tendencies in children and that strict action will be taken
Ramesh Chennithalafile
Updated on: 

തിരുവനന്തപുരം: കുട്ടികളിൽ കൊറിയൻ സിനിമകൾ അടക്കമുള്ള ക്രൈം സിനിമകളും ഓൺലൈൻ ഗെയിമുകളും അക്രമവാസന പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതികൾ ഉയരുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു. ഈ വിഷയം വളരെ ഗൗരവത്തോടെയാണ് സർക്കാർ വീക്ഷിക്കുന്നതെന്നും കുട്ടികളിലെ ഇത്തരം തെറ്റായ പ്രവണതകൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൈം സിനിമകളും കൊറിയൻ സിനിമകളും കുട്ടികൾ കാണുന്നതുവഴി അവരിൽ അക്രമവാസന വർധിക്കുന്നതായി ജനങ്ങളിൽ നിന്നു തന്നെ പരാതികൾ ഉയർന്നിട്ടുണ്ട്. കൂടാതെ, ഓൺലൈൻ ഗെയിമിങ്ങിലൂടെ കുട്ടികളിൽ അക്രമവാസന കൂടുകയും ആത്മഹത്യ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. 13 വയസുള്ള കുട്ടി സ്വന്തം മുത്തച്ഛനെ കൊലപ്പെടുത്തുകയും അതിൽ യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്ത നടുക്കുന്ന സംഭവവും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൈബർ കുറ്റകൃത്യങ്ങളും കുട്ടികളിലെ അക്രമവാസനയും തടയുന്നതിനായി 'സൈബർ സേഫ് കേരള' എന്ന വിപുലമായ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനായി ക്രമസമാധാനപാലന ചുമതലയുള്ള പൊലീസ് സംവിധാനങ്ങളെ കൂടുതൽ ആധുനികവത്കരിക്കും. പൊതുജനങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിൽ നേരിട്ട് എത്താതെതന്നെ ഡിജിറ്റൽ മാർഗങ്ങളിലൂടെ എഫ്ഐആർ ലഭ്യമാക്കുന്ന 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഉൾപ്പെടെ നടപ്പിലാക്കി പൊലീസ് സേവനങ്ങളെ കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുമെന്നും അദ്ദേഹം പറ‍‍ഞ്ഞു.

logo
Metro Vaartha
www.metrovaartha.com