കോതമം​ഗലത്തെ യുവാവിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; പെൺസുഹൃത്ത് അറസ്റ്റിൽ

യുവതി, 'അന്‍സിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ' എന്ന് പറഞ്ഞെന്നും യുവാവിന്‍റെ സുഹൃത്ത്
kothamangalam youth death woman friend arrested

അദീന | അന്‍സില്‍

Updated on

കോതമംഗലം: കോതമംഗലം മാതിരപ്പിള്ളിയിൽ യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ചേലാട്, മാലിപ്പാറ സ്വദേശിനിയായ അദീനയെ (30) പൊലീസ് അറസ്റ്റ് ചെയ്തു. യുവതി മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. ഇതുമൂലം അൻസിലിനെ ഒഴിവാക്കാനാണ് വിഷം നൽകിയത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. അൻസിലുമായി സാമ്പത്തിക തർക്കങ്ങളും ഉണ്ടായിരുന്നു. കള നാശിനിയായ 'പാരാക്വിറ്റ്' ആണ് കൊല്ലാൻ ഉപയോ​ഗിച്ചതെന്ന് പൊലീസ് അറിയിച്ചു. ചേലാടുള്ള കടയിൽ നിന്നുമാണ് അദീന വിഷം വാങ്ങിയത്. എന്നാൽ വിഷം കലക്കി നൽകിയത് എന്തിലാണെന്നത് അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍വച്ച് അന്‍സില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പൊലീസിനെ അറിയിച്ചു.

നിന്‍റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അന്‍സിലിന്‍റെ ഉമ്മയോടും പറഞ്ഞതായാണ് അന്‍സിലിന്‍റെ സുഹൃത്ത് പറഞ്ഞത്. വിഷം കൊടുത്തതിന് ശേഷം യുവതി, 'അന്‍സിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ' എന്ന് പറഞ്ഞെന്നും അന്‍സിലിന്‍റെ സുഹൃത്ത് പൊലീസിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചേലാട്, മാലിപ്പാറ സ്വദേശിനിയായ 30 വയസുകാരിയെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.

മാലിപ്പാറയിലെ പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍വച്ചാണ് അന്‍സിലിന്‍റെ ഉള്ളില്‍ വിഷം ചെന്നത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. പെൺസുഹൃത്തിന്‍റെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ വിഷാംശമടങ്ങിയ കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളെജിലാണ് അൻസിലിന്‍റെ പോസ്റ്റ്മോർട്ടം നടത്തുന്നത്. റിപ്പോർട്ട് വന്നതിന് ശേഷമായിരിക്കും യുവതിക്കെതിരേ നടപടിയുണ്ടാകുക എന്ന് പൊലീസ് പറയുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. പുലര്‍ച്ചെ 12.20വരെ അന്‍സില്‍ മൂവാറ്റുപുഴയ്ക്കടുത്തുള്ള പേഴയ്ക്കാപ്പള്ളിയിലുണ്ടായിരുന്നുവെന്നാണ് അടുത്ത സുഹൃത്തുക്കൾ പറഞ്ഞത്. പിന്നീടാണ് പെണ്‍സുഹൃത്തിന്‍റെ വീട്ടിലെത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സില്‍ വിവാഹിതനാണ്. മക്കളുമുണ്ട്. പെൺ സുഹൃത്തുമായി ഏറെക്കാലമായി അന്‍സിലിന് അടുപ്പമുണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com