

അന്‍സില്‍
കോതമംഗലം: കോതമംഗലം മാതിരപ്പിള്ളിയിൽ യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം.
പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഇതിനു പിന്നാലെയാണ് ചേലാട്, മാലിപ്പാറ സ്വദേശിനിയായ 30 വയസുകാരിയെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാലിപ്പാറയിലെ പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍വെച്ചാണ് അന്‍സിലിന്‍റെ ഉള്ളില്‍ വിഷം ചെന്നത്. പീഡനക്കേസിലെ അതിജീവിതയാണ് പ്രതിയായ യുവതി. യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പെൺസുഹൃത്തിന്‍റെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ വിഷാംശമടങ്ങിയ കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കളമശേരി മെഡിക്കൽ കോളെജിലാണ് അൻസിലിന്‍റെ പോസ്റ്റ്മോർട്ടം നടത്തുന്നത്. റിപ്പോർട്ട് വന്നതിന് ശേഷമായിരിക്കും യുവതിക്കെതിരേ നടപടിയുണ്ടാകുക എന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. പുലര്‍ച്ചെ 12.20വരെ അന്‍സില്‍ മൂവാറ്റുപുഴയ്ക്കടുത്തുള്ള പേഴയ്ക്കാപ്പള്ളിയിലുണ്ടായിരുന്നുവെന്നാണ് അടുത്ത സുഹൃത്തുക്കൾ പറഞ്ഞത്. പിന്നീടാണ് പെണ്‍സുഹൃത്തിന്‍റെ വീട്ടിലെത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സില്‍ വിവാഹിതനാണ്. മക്കളുമുണ്ട്. പെൺ സുഹൃത്തുമായി ഏറെക്കാലമായി അന്‍സിലിന് അടുപ്പമുണ്ടായിരുന്നു.