കോട്ടയം: കോടിമത ജട്ടിയിൽ നിന്നും ആലപ്പുഴയിലേക്ക് ബോട്ട് ഗതാഗതം പുനരാരംഭിക്കുന്നു. പോള ശല്യം രൂക്ഷമായതിനെ തുടർന്ന് ഏറെ കാലത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കോടിമതയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ട് സർവീസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കുന്നത്. കോട്ടയത്ത് നിന്നും മുൻപുണ്ടായിരുന്നതു പോലെ 6 സർവീസുകളും നടത്തും.
കഴിഞ്ഞ ഏപ്രിൽ 16 മുതലാണ് പോള ശല്യം രൂക്ഷമായതിനെ തുടർന്ന് ബോട്ട് സർവീസ് നിർത്തിവെച്ചത്. ഇത് ബോട്ട് സർവീസിനെ മാത്രം ആശ്രയിക്കുന്ന പടിഞ്ഞാറൻ നിവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പോള കയറിയതിനു പുറമെ ചുങ്കത്ത് മുപ്പത് ഭാഗത്തെ പൊക്കുപാലം കേടായതും സർവ്വീസിനെ സാരമായി ബാധിച്ചു. ഇതോടെ ബോട്ട് സർവീസുകൾ പൂർണമായും നിർത്തി വയ്ക്കുകയായിരുന്നു. വേനൽ അവധി സമയങ്ങളിൽ പോലും സർവീസ് ഇല്ലാതായത് ജലഗതാഗത വകുപ്പിനും വലിയ നഷ്ടമുണ്ടാക്കി. ഇപ്പോൾ പോള ഒഴുകി പോയതിനൊപ്പം പൊക്കുപാലങ്ങളുടെ അറ്റകുറ്റപണികൾ കൂടി പൂർത്തിയായതോടെയാണ് സർവീസുകൾ വീണ്ടും പുനരാരംഭിക്കാൻ ജലഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പടിഞ്ഞാറൻ മേഖലയിലുള്ളവർ സന്തോഷത്തിലാണ്.