കേള്‍ക്കാത്തത് കേള്‍ക്കുകയും കാണാത്തത് കാണുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിജയി; പശ്ചിമബംഗാള്‍ ഗവര്‍ണര്‍

കോട്ടയം ബസേലിയസ് കോളെജ് വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ തുടക്കം കുറിച്ചു
ബസേലിയസ് കോളെജ് വജ്ര ജൂബിലി ആഘോഷം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്‌തു
ബസേലിയസ് കോളെജ് വജ്ര ജൂബിലി ആഘോഷം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്‌തു
Updated on

കോട്ടയം: ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ ഭാഗമായി പശ്ചിമബംഗാളിലെ കലിംപോങ് കോളെജും ബസേലിയസ് കോളെജും സഹോദര കോളെജുകളായി നിലനിന്നുകൊണ്ട് വിദ്യാര്‍ഥി-അധ്യാപക കൈമാറ്റ പരിപാടികള്‍ ആരംഭിക്കുമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി ആനന്ദബോസ്. ബസേലിയസ് കോളെജ് വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേള്‍ക്കാത്തത് കേള്‍ക്കുകയും, കാണാത്തത് കാണുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിജയി എന്ന് ഗവര്‍ണര്‍ പറഞ്ഞു.

സമൂഹത്തില്‍ മാറ്റം വരുത്താനുള്ള ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസമാണെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേല പറഞ്ഞത് സത്യമാണെന്നും വിദ്യാഭ്യാസത്തിനുമാത്രമേ സമൂഹത്തില്‍ മാറ്റം വരുത്താന്‍ കഴിയുകയുള്ളുവെന്നും വിദ്യാഭ്യാസം കൊണ്ട് ത്യാജ്യഗ്രാഹ്യബുദ്ധി വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ ജ്യേഷ്ഠസഹോദരനും ബസേലിയസ് കോളെജിലെ മുന്‍ അധ്യാപകനുമായിരുന്ന ഡോ. സി.വി മോഹന്‍ ബോസിന്‍റെ ആഗ്രഹപ്രകാരം വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബസേലിയസ് കോളെജിലെ ഏറ്റവും ശ്രേഷ്ഠനായ വിദ്യാര്‍ഥിക്ക് 50,000 രൂപയുടെ വജ്ര ജൂബിലി അവാര്‍ഡ് നല്‍കുന്നതാണെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസം സമൂഹത്തിന്‍റെ മാറ്റത്തിന് ഉതകുന്ന ഏറ്റവും വലിയ ആയുധമാണെങ്കിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അത് വേണ്ടത്ര രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നുള്ളത് വളരെ ഖേദകരമാണെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു ബാവാ. മനസിന്‍റെ സംസ്കരണത്തിലൂടെ ഉള്‍ക്കാഴ്ച വളര്‍ത്തിയെടുത്ത് ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണമെന്നും കാതോലിക്കാബാവാ ഓര്‍മിപ്പിച്ചു.

ഓര്‍ത്തഡോക്സ് സഭാ കോളെജുകളുടെ മാനേജര്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ബിജു തോമസ്, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ഡോ. പി. ജ്യോതിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടനയായ വി-ബസേലിയന്‍ നിര്‍മിക്കുന്ന ഡിജിറ്റല്‍ തീയേറ്ററിന്‍റെ ആദ്യഗഡു, ചലച്ചിത്ര നിര്‍മാതാവും പൂര്‍വ വിദ്യാര്‍ഥിയുമായ സന്തോഷ് ടി. കുരുവിള ഗവര്‍ണര്‍ക്ക് കൈമാറി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com