സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ നിറവിൽ കോട്ടയം കലക്ട്രേറ്റ്

ആധുനികനിലവാരത്തിൽ നവീകരിച്ച ഓഫീസുകളും റെക്കോഡ് റൂമും മന്ത്രിമാർ സന്ദർശിച്ചു.
സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ നിറവിൽ കോട്ടയം കലക്ട്രേറ്റ്

കോട്ടയം: കേരളത്തിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച കലക്ട്രേറ്റായി കോട്ടയം. കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം നിർവഹിച്ചു.  പൊതുജനങ്ങൾക്ക് മികവാർന്ന സേവനവും സൗകര്യങ്ങളും ഒരുക്കിയാണ് സേവനപ്രദാന ഗുണമേന്മയുടെ രാജ്യാന്തര നിലവാരസൂചകമായ ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ കോട്ടയം ജില്ലാ കലക്റ്ററുടെ കാര്യാലയം സ്വന്തമാക്കിയത്.

നവീകരിച്ച ഓഫീസ് റവന്യൂ മന്ത്രി നാടിനു സമർപ്പിച്ചു. കലക്ട്രേറ്റിലെ ഓഫീസുകൾ എവിടെയൊക്കെയെന്ന് മൊബൈൽ ഫോണിലൂടെ വേഗത്തിൽ അറിയുന്നതിനായി നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ തയാറാക്കിയ ഓഫീസ്  'ഫൈൻഡർ' ആപ്ലിക്കേഷന്റെ പ്രകാശനം സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലോഗോ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രകാശനം ചെയ്തു. ആധുനികനിലവാരത്തിൽ നവീകരിച്ച ഓഫീസുകളും റെക്കോഡ് റൂമും മന്ത്രിമാർ സന്ദർശിച്ചു. 

പൊതുജനങ്ങൾക്കായി ഫ്രണ്ട് ഓഫീസ് സംവിധാനം, ഇരിപ്പിടങ്ങൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. സമയ ബന്ധിതമായി അപേക്ഷകളും പരാതികളും തീർപ്പാക്കൽ, ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, റെക്കോർഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, ജീവനക്കാരുടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ തുടങ്ങി പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിലെ മികവ് ഇവയെല്ലാം പരിശോധിച്ചാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചത്.

ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ, ഓയിൽപാം ഇന്ത്യ ലിമിറ്റഡ് മുൻ ചെയർമാൻ അഡ്വ. വി.ബി ബിനു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫ്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൾ പൊടിപാറ, പാലാ ആർ.ഡി.ഒ പി.ജി രാജേന്ദ്രബാബു, ഫിനാൻസ് ഓഫീസർ എസ്.ആർ അനിൽകുമാർ, ഡെപ്യൂട്ടി കലക്റ്റർമാരായ കെ.എ മുഹമ്മദ് ഷാഫി, സോളി ആന്റണി, ജിയോ ടി. മനോജ്, ഫ്രാൻസിസ് ബി. സാവിയോ, അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ റോയ് ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com