
കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് കോളെജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കോട്ടയം: ഒളശയിൽ വെള്ളക്കെട്ടിൽ വീണ് കോളെജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളെജ് വിദ്യാർഥിയായ ഒളശ മാവുങ്കൽ അലൻ ദേവസ്യ (18) യാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലൻ വീട്ടിൽ നിന്നും പുറത്ത് പോയത്. തിരികെ വരുന്നതിനിടെ അലനെ കാണാതാകുകയായിരുന്നു.
രാത്രി വൈകിയും അലൻ വീട്ടിൽ എത്താതിരുന്നതോടെ നാട്ടുകാരും അഗ്നിരക്ഷാസേനയും കോട്ടയം വെസ്റ്റ് പൊലീസ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഒളശ ഭാഗത്തെ വെള്ളക്കെട്ടിൽ നിന്നും യുവാവിന്‍റെ സൈക്കിൾ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് വെള്ളക്കെട്ടിൽ നിന്നും അലന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.