7 വർഷങ്ങൾക്കു മുന്‍പ് മകന്‍ മരിച്ചതിലും ദുരൂഹത; കോട്ടയത്തെ ദമ്പതികളുടേത് അതിക്രൂര കൊലപാതകം

വീട്ടിൽ മോഷണശ്രമം നടന്നിട്ടില്ലെന്ന് പൊലീസ്
kottayam indraprastham vijayakumar meera murder case updates

7 വർഷങ്ങൾക്കു മുന്‍പുണ്ടായ മകന്‍റെ മരണത്തിലും ദുരൂഹത; കോട്ടയത്തെ ദമ്പതികളുടേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്

Updated on

കോട്ടയം: തിരുവാതുക്കൽ ദമ്പതികളുടേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്. വിജയകുമാറിന്‍റെ മുഖം വികൃതമാക്കിയിരുന്നു എന്നും, മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും (64) ഭാര്യ മീരയെയുമാണ് (60) ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വീടിനുള്ളിലെ രണ്ട് മുറികളിലാണ് ഇവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിജയകുമാറിന്‍റെ മൃതദേഹം വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമായിരുന്നു. വിജയകുമാറിനെ നിരവധി തവണ വെട്ടിയതായി പൊലീസ് നിരീക്ഷിച്ചിരുന്നു. മുഖത്തടക്കം ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചിരുന്നു.

രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. തലയിലും അടിയേൽക്കുകയും ചെയ്തിരുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി വീട്ടിൽ നിന്ന് കണ്ടെത്തി. അമ്മിക്കല്ല് ഉപയോഗിച്ച് വീടിന്‍റെ പിന്നിലെ വാതിൽ തകർത്ത നിലയിലായിരുന്നു.

അതേസമയം, വീട്ടിൽ മോഷണശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട ഇരുവരുടെയും ശരീരത്തിൽ നിന്നും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. വീടിനുള്ളിൽ അലമാരയോ ഷെൽഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ലെന്നാണ് വിവരം.

കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഏഴു വർഷം മുന്‍പ് വിജയകുമാറിന്‍റെ മകന്ൻ മരിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുള്ളതായി ഇരുവർക്കും പരാതിയുണ്ടായിരുന്നു.

ഈ കേസിൽ സിബിഐ കഴിഞ്ഞ മാസം 21നാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ഇപ്പോൾ ദമ്പതികൾ കൊല്ലപ്പെടുന്നത്. ഈ രണ്ട് കേസുകളും തമ്മിൽ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

സംഭവത്തിൽ അസം സ്വദേശിയായ അമിത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ ഒരു വർഷം മുന്‍പ് ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിയായിരുന്നു ഇയാൾ. നേരത്തെ വീട്ടിൽ നിന്ന് ഫോൺ മോഷ്ടിച്ചതിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായാണ് വിവരം. അടുത്തിടെയാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്. ഇതിന്‍റെ വൈരാഗ്യത്തിലാകാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

കോട്ടയം തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിനു സമീപത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com