മലയാള സിനിമയുടെ വളർച്ചയിൽ കോട്ടയത്തിന് നിർണായക പങ്ക്: ചലച്ചിത്രമേള സെമിനാർ

കോട്ടയത്തെ ആദ്യ സിനിമ പ്രസിദ്ധീകരണം പുറത്തിറങ്ങിയിട്ട് 75 വർഷം പൂർത്തിയാകുമ്പോൾ സിനിമ - മാധ്യമ സംസ്‌കാരത്തിന് വളരെ വലിയ സംഭാവനയാണ് കോട്ടയം നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു
മലയാള സിനിമയുടെ വളർച്ചയിൽ കോട്ടയത്തിന് നിർണായക പങ്ക്: ചലച്ചിത്രമേള സെമിനാർ
Updated on

കോട്ടയം: മലയാള സിനിമയുടെ വളർച്ചയിൽ കോട്ടയവും കോട്ടയത്തെ ചലച്ചിത്ര പ്രവർത്തകരും അഭേദ്യമായ പങ്കു വഹിച്ചതായി കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ. തിരുനക്കരയിലെ തമ്പ് സാംസ്‌കാരിക വേദിയിൽ 'കോട്ടയത്തിന്‍റെ സിനിമാ പൈതൃകം' എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.

ഫിലിം സൊസൈറ്റികൾ കേരള സിനിമയുടെ ഗ്രന്ഥശാലകൾ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് പനച്ചിപ്പുറം പറഞ്ഞു. 1970 ലാണ് കോട്ടയത്ത് ആദ്യമായി ദൃശ്യ എന്ന പേരിൽ ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സൊസൈറ്റി രൂപീകരണവേളയിലെ അനുഭവങ്ങൾ പങ്കുവച്ചു. പഴയ കാലത്തെ സിനിമ വിതരണ രീതികളെക്കുറിച്ച് സിനിമ നിർമാതാവ് ജൂബിലി ജോയ് തോമസ് സംസാരിച്ചു. 1940-50 കാലഘട്ടങ്ങളിൽ വിദൂരസ്ഥലങ്ങളിൽ നിന്നും സിനിമ വാങ്ങി കേരളത്തിൽ പ്രദർശിപ്പിച്ചിരുന്ന അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.

താൻ സിനിമയിൽ എത്തിയതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് വലിയ പങ്കുണ്ടെന്ന് സംവിധായകൻ ജോഷി മാത്യു പറഞ്ഞു. പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സിനിമ പ്രദർശനങ്ങൾ കുട്ടിക്കാലത്ത് ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഫിലിം സൊസൈറ്റികളിലൂടെ കോട്ടയത്ത് നല്ലൊരു സിനിമ സംസ്‌കാരം വളർത്തിയെടുക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പതിവ് രീതികൾക്ക് വിപരീതമായി പുതിയൊരു സിനിമ - മാധ്യമ സംസ്‌കാരം രൂപപ്പെടുത്തുന്നതിൽ കോട്ടയം വഹിച്ച പങ്ക് നിർണായകമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനായ ഡോ. പോൾ മണലിൽ പറഞ്ഞു. സിനിമ മാസിക, ചലച്ചിത്ര കാർത്തിക, മനോരാജ്യം സിനിമ മംഗളം, ചിത്ര ജ്യോതി, രാഷ്ട്ര ദീപിക സിനിമ തുടങ്ങിയവ സിനിമ- മാധ്യമരംഗത്ത് വലിയ പങ്കാണ് വഹിച്ചത്. 1946 ൽ മാളിയേക്കൽ എം.എം. ചെറിയാനാണ് കോട്ടയത്തിന്‍റെ ചലച്ചിത്ര പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യത്തെ പ്രസിദ്ധീകരണം പുറത്തിറക്കിയത്. കേവലം അഞ്ച് മലയാള സിനിമകൾ മാത്രം റിലീസ് ചെയ്ത കാലഘട്ടത്തിലാണ് കോട്ടയത്ത് ഇത്തരത്തിൽ ഒരു പ്രസിദ്ധീകരണം പുറത്തിറങ്ങിയത്. കോട്ടയത്തെ ആദ്യ സിനിമ പ്രസിദ്ധീകരണം പുറത്തിറങ്ങിയിട്ട് 75 വർഷം പൂർത്തിയാകുമ്പോൾ സിനിമ - മാധ്യമ സംസ്‌കാരത്തിന് വളരെ വലിയ സംഭാവനയാണ് കോട്ടയം നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

1960 ലും 70 ലുമൊക്കെ എഴുതിയ നിരവധി കൃതികൾ പിന്നീട് സൂപ്പർ ഹിറ്റ് സിനിമകൾ ആയി മാറിയിട്ടുണ്ടെന്ന് മാധ്യമ പ്രവർത്തകൻ തേക്കിൻകാട് ജോസഫ് പറഞ്ഞു. കാരൂരിന്‍റെ പൊതിച്ചോറ്, വൈക്കം മുഹമ്മദ് ബഷീറിന്റെ നിലാവെളിച്ചം, മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി തുടങ്ങിയ കൃതികൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാള സിനിമ മേഖലയിലെ നടന പൈതൃകത്തെക്കുറിച്ച് ചലച്ചിത്ര ഗവേഷക ഡോ. ദിവ്യ എസ് കേശവൻ സംസാരിച്ചു. പ്രശസ്ത ചലച്ചിത്ര ഫോട്ടോഗ്രാഫർ ചിത്ര കൃഷ്ണൻ കുട്ടി പകർത്തിയ സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ചലച്ചിത്ര നിരൂപകൻ എ. ചന്ദ്രശേഖർ സെമിനാറിൽ മോഡറേറ്ററായിരുന്നു.

Trending

No stories found.

Latest News

No stories found.