സിനിമകൾ സമകാലീന സാമൂഹിക ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ; മന്ത്രി വി.എൻ വാസവൻ: കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കം

വിശ്വമാനവികതയുടെ സന്ദേശം രാജ്യാന്തര തലത്തിൽ ഉയർത്താൻ സഹായിക്കുന്നതാണ് ഈ ചലച്ചിത്രമേളയെന്നും അദ്ദേഹം പറഞ്ഞു.
സിനിമകൾ സമകാലീന സാമൂഹിക ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ; മന്ത്രി വി.എൻ വാസവൻ: കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കം

കോട്ടയം: സമകാലീന സാമൂഹിക ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ് സിനിമകളെന്ന് സഹകരണ - രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ. അനശ്വര തിയറ്ററിൽ കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വമാനവികതയുടെ സന്ദേശം രാജ്യാന്തര തലത്തിൽ ഉയർത്താൻ സഹായിക്കുന്നതാണ് ഈ ചലച്ചിത്രമേളയെന്നും അദ്ദേഹം പറഞ്ഞു.

ബെഞ്ചമിൻ ബെയ്ലിയിലൂടെയും ചാവറയച്ചനിലൂടെയും അക്ഷരങ്ങൾക്ക് നിറം കൊടുത്ത നാടാണ് കോട്ടയം. ആദ്യത്തെ ശബ്ദസിനിമയുടെ അമരക്കാരനും കാഞ്ഞിരപ്പള്ളി സ്വദേശി ചെറിയാനാണ്. ജോൺ ഏബ്രാഹം, അരവിന്ദൻ, അഭയദേവ്, ജയരാജ് എന്നിങ്ങനെ എല്ലാ അർഥത്തിലും സാംസ്കാരിക സമ്പന്ന നാടാണ് കോട്ടയം. തുടർ വർഷങ്ങളിലും ഈ മേള ഏറ്റവും സജീവമായി തുടരുമെന്നും വി.എൻ വാസവൻ പറഞ്ഞു.

കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ സയീദ് അക്തർ മിർസ മുഖ്യാതിഥിയായി. മുഖ്യാതിഥിയെയും ചലച്ചിത്ര നിർമാതാവ് ജോയ് തോമസിനെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

ഫെസ്റ്റിവൽ ബുക്കിൻ്റെ പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകിക്കൊണ്ട് തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം ജയരാജിന് നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു.

ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാൻ സംവിധായകൻ ജയരാജ് ആമുഖ പ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നിർമാതാവ് ജോയ് തോമസ്, ഫെസ്റ്റിവൽ സംഘാടക സമിതി കൺവീനർ പ്രദീപ് നായർ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com