കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 24ന് തുടക്കം; സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥി

5 ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര മേളയിൽ 39 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 18 ലോകസിനിമകളുണ്ട്.
കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 24ന് തുടക്കം; സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥി

കോട്ടയം: രാജ്യാന്തര ചലച്ചിത്രമേള 24 മുതൽ 28 വരെ അനശ്വര, ആഷ, സി.എം.എസ് കോളെജ് എന്നിവിടങ്ങളിലായി നടക്കുമെന്ന് സഹകരണ - രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. 24ന് വൈകിട്ട് 5ന് അനശ്വര തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സഹകരണ- രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥിയാകും.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, ഫെസ്റ്റിവൽ ചെയർമാൻ ജയരാജ്, അക്കാദമി സെക്രട്ടറി സി. അജോയ്, ഫെസ്റ്റിവൽ കൺവീനർ പ്രദീപ് നായർ തുടങ്ങിയവർ പങ്കെടുക്കും.

5 ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര മേളയിൽ 39 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 18 ലോകസിനിമകളുണ്ട്. 27-ാമത് ഐ.എഫ്.എഫ്.കെയിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ, ലോകസിനിമ, കൺട്രി ഫോക്കസ്, കലൈഡോസ്‌കോപ്പ്, മലയാളം സിനിമ എന്നീ വിഭാഗങ്ങളിൽ പ്രദർശിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളും ഉൾപ്പെടുന്നു. സുവർണ ചകോരം നേടിയ സ്പാനിഷ് ചിത്രമായ 'ഉതമ', നവാഗത സംവിധായകനുള്ള രജതചകോരം നേടിയ അറബിക് ചിത്രമായ 'ആലം', മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം നേടിയ 'അവർ ഹോം', എഫ്.എഫ്.എസ്.ഐ-കെ.ആർ. മോഹനൻ അവാർഡ് നേടിയ 'എ പ്‌ളേസ് ഓഫ് അവർ ഓൺ' തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ 'ട്രയാംഗിൾ ഓഫ് സാഡ്‌നസ്', 'പ്രിസൺ 77' തുടങ്ങിയ ചിത്രങ്ങളും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലോകത്തിലെ മുൻനിര ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ സിനിമകളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോട്ടയത്തെ ചലച്ചിത്ര പ്രവർത്തകരുടെ ചിത്രങ്ങൾ സി.എം.എസ് കോളെജിലെ തീയേറ്ററിൽ പ്രദർശിപ്പിക്കും. 28 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലയിൽ നിന്നുള്ള പ്രശസ്ത നിർമാതാവ് ജൂബിലി ജോയ് തോമസിനെ ആദരിക്കും.

കോട്ടയത്തിന്റെ വൈവിധ്യവും സമ്പന്നവുമായ സിനിമ ചരിത്രം പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഫെബ്രുവരി 25 ന് രാവിലെ 11 ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തെ സാംസ്‌കാരിക വേദിയിൽ 'കോട്ടയത്തിന്റെ സിനിമ പൈതൃകം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. സി.ആർ ഓമനക്കുട്ടൻ, നിർമാതാവ് ജോയ് തോമസ്, സംവിധായകൻ ജോഷി മാത്യു, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് പനച്ചിപ്പുറം, എഴുത്തുകാരായ ആർ. ഉണ്ണി, ഡോ. പോൾ മണലിൽ, ചലച്ചിത്ര നിരൂപകൻ എ. ചന്ദ്രശേഖർ, സിനിമ മാധ്യമ പ്രവർത്തകൻ എം.എം ബാലചന്ദ്രൻ, ചലച്ചിത്ര ഗവേഷക ഡോ. ദിവ്യ എസ്. കേശവൻ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

മേളയ്ക്ക് മുന്നോടിയായി 23 ന് വൈകിട്ട് 4.30ന് കലക്ട്രേറ്റിൽ നിന്ന് തിരുനക്കര പഴയ പൊലീസ് മൈതാനത്തേക്ക് വിളംബര ജാഥ നടക്കും. ചലച്ചിത്ര കലാകാരന്മാർ, സാംസ്‌കാരിക- കലാ പ്രവർത്തകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ, വിവിധ സംഘടനകൾ എന്നിവർ പങ്കെടുക്കും. 25 മുതൽ 27 വരെ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തെ സാംസ്‌കാരിക വേദിയിൽ കലാപരിപാടികൾ അരങ്ങേറും.

വൈകിട്ട് 7നാണ് പരിപാടികൾ. 25ന് തകര മ്യൂസിക് ബാൻഡ് സംഗീത പരിപാടി അവതരിപ്പിക്കും. 26ന് 'യ ര ല വ കലക്റ്റീവിന്റെ അക്ഷരമാല എന്ന സംഗീത പരിപാടി അരങ്ങേറും. 27ന് ഗസലുകളും ഗൃഹാതുരത്വമുണർത്തുന്ന പഴയ ഗാനങ്ങളും കൂട്ടിയിണക്കി അലോഷി ആഡംസ് സംഗീതസന്ധ്യ അവതരിപ്പിക്കും. ചലച്ചിത്രമേളയുടെ ഭാഗമായി പുനലൂർ രാജന്റെ ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട അപൂർവ ഫോട്ടോകൾ ഉൾപ്പെടുത്തി എക്സിബിഷൻ നടക്കും.

കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. 1000 ഡെലിഗേറ്റുകൾക്കാണ് പാസ് നൽകുക.

കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ ഓഫ്‌ലൈനായി രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമാണ് ഫീസ്. ഓൺലൈൻ https://registration.iffk.in/ എന്ന ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം.

ഫെസ്റ്റിവൽ ചെയർമാനായ സംവിധായകൻ ജയരാജ്, കൺവീനറായ സംവിധായകൻ പ്രദീപ് നായർ, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്റ്റർ എച്ച്. ഷാജി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ സജി കോട്ടയം, ചലച്ചിത്ര അക്കാദമി റീജണൽ കോ - ഓർഡിനേറ്റർ ഷാജി അമ്പാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com