പനി ബാധിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു: ആശുപത്രിക്കെതിരേ പരാതിയുമായി കുടുംബം

പോസ്റ്റ് കൊവിഡ് മിസ്കോ കാവസാക്കി എന്ന രോഗമാണെന്ന നിഗമനത്തലാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
പനി ബാധിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു: ആശുപത്രിക്കെതിരേ പരാതിയുമായി കുടുംബം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ പനി ബാധിച്ച് പ്രവേശിപ്പിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. പത്താഴക്കുഴി സ്വദേശികളായ എബി - ജോൺസി ദമ്പതികളുടെ മകന്‍ ജോഷ് എബിയാണ് മേയ് 29ന് മരിച്ചത്. മരണത്തിൽ പരാതിയുമായി കുഞ്ഞിന്‍റെ കുടുംബം രംഗത്തെത്തി.

ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നൽകിയ ശേഷം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് കാരണമായത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം. പോസ്റ്റ് കൊവിഡ് മിസ്കോ കാവസാക്കി എന്ന രോഗമാണെന്ന നിഗമനത്തിൽ മേയ് 11നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടും രോഗം പൂർണമായി മാറാത്തതുമൂലം മേയ് 29 രാത്രി 9 മണിയോടെ "ഇൻഫ്ലിക്സിമാബ്" എന്ന തീവ്രത കൂടിയ മരുന്ന് കുത്തിവച്ചിരുന്നു.

ഈ മരുന്നിന് ഹൃദയാഘാത സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ആശുപത്രി അധികൃതർ നിരീക്ഷണത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നാണ് ആരോപണം. കുഞ്ഞ് അസാധാരണമായ വിധത്തിൽ ശ്വാസമെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മയുടെ മാതാപിതാക്കൾ ബഹളം വച്ചപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്‌ടർമാരും നഴ്സുമാരും കുഞ്ഞിന്‍റെ ആരോഗ്യ നില വഷളായത് അറിയുന്നതെന്നും കുടുംബം ആരോപിക്കുന്നു.

എന്നാൽ, കുഞ്ഞിന് ഗുരുതര ഹൃദ്രോഗം ഉണ്ടായിരുന്നെന്നും ആശുപത്രിയിൽ ഒരു വിധത്തിലുള്ള ചികിത്സാ പിഴവുകളും ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com